തിരുവനന്തപുരം : സംസ്ഥാന പൊലീസിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ജ്വല്ലറി ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്‌കൗണ്ട് തരപ്പെടുത്തിയതായി പരാതി. ഏഴ് പവൻ വരുന്ന നെക്ലേസിന് ഐ.പി.എസ് ഉദ്യോഗസ്ഥൻ 95 ശതമാനം ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടു.
എതിർത്തപ്പോൾ ആദ്യം ജ്വല്ലറി ഉടമയുടെ മരുമകനെ വിളിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഉടമയെയും വിളിച്ച് ഭീഷണിപ്പെടുത്തി ഡിസ്‌കൗണ്ട് തരപ്പെടുത്തി. എന്നാല്‍ ഇതുസംബന്ധിച്ച് എറണാകുളം സ്വദേശിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
പരാതിയുടെ പകർപ്പ് ഇ.ടി.വി ഭാരതിന് ലഭിച്ചു. സെപ്റ്റംബർ 15നാണ് ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ പദവി ദുരുപയോഗം സംബന്ധിച്ച ഗുരുതര ആരോപണവുമായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
കൊവിഡിന് തൊട്ടുമുൻപ് തലസ്ഥാനത്തെ ഒരു പ്രമുഖ ജ്വല്ലറിയിലാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനും ഭാര്യയും ജ്വല്ലറിയിലെത്തി മകള്‍ക്കായി നെക്ലേസ് ആവശ്യമുണ്ടെന്നറിയിച്ചു.
ഇതനുസരിച്ച് പൗരാണിക മാതൃകയിലുള്ള 7 പവന്‍ തൂക്കമുള്ള നെക്ലേസ് തെരഞ്ഞെടുക്കുകയും മകൾക്ക് ഇഷ്‌ടമായാൽ നെക്ലേസ് വാങ്ങാമെന്ന് പറഞ്ഞു. ആഭരണത്തിന്‍റെ വിലയെക്കുറിച്ച് അന്വേഷിച്ച ശേഷം മടങ്ങി. സ്വർണ വിലയ്ക്ക് പുറമെ 25% പണിക്കൂലി കൂടി ചേർന്നതായിരിക്കും ആകെ വിലയെന്ന് ജീവനക്കാർ അറിയിച്ചു.
പിറ്റേദിവസം ജ്വല്ലറിയിലെത്തിയ ഡി.ജി.പി മകള്‍ക്ക് ആഭരണം ഇഷ്ടമായെന്നറിയിച്ച് തെരഞ്ഞെടുത്തു. തുടര്‍ന്ന് ഫ്‌ളോര്‍ മാനേജരോട് ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടു. ജനറല്‍ മാനേജരുമായി സംസാരിച്ച ശേഷം 5% ഡിസ്‌കൗണ്ട് നല്‍കാമെന്ന് ഫ്‌ളോര്‍ മാനേജര്‍ സമ്മതിച്ചു. എന്നാല്‍ ആഭരണത്തിന് 95 ശതമാനം ഡിസ്‌കൗണ്ട് വേണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു.
Also Read: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു
തുടര്‍ന്ന് ഡി.ജി.പി ജ്വല്ലറി ഉടമയുടെ മകളുടെ ഭര്‍ത്താവുമായി സംസാരിച്ചു. അദ്ദേഹം 10% ഡിസ്‌കൗണ്ട് വാഗ്‌ദാനം ചെയ്‌തെങ്കിലും ഡി.ജി.പി വഴങ്ങാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് 50% ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്തു.
അന്ന് ഡി.ജി.പിയും മകളും ജ്വല്ലറിയില്‍ നിന്നിറങ്ങിപ്പോയി. മൂന്നാം ദിവസം മുഴുവന്‍ കുടുംബാംഗങ്ങളുമായി എത്തിയ ഡി.ജി.പി ജീവനക്കാരും സ്ഥാപന ഉടമയുടെ മരുമകനുമായി വഴക്കുണ്ടാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാരുടെ ഫോണില്‍ നിന്ന് ജ്വല്ലറി ഉടമയെ വിളിച്ച് 95% ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടു.
ആദ്യം എതിർത്തെങ്കിലും ഒടുവില്‍ 95 ശതമാനം ഡിസ്‌കൗണ്ട് നല്‍കാന്‍ ഉടമ നിര്‍ബന്ധിതനായതാണെന്ന് പരാതിയില്‍ പറയുന്നു. 95% ഡിസ്‌കൗണ്ട് എന്ന് രേഖപ്പെടുത്തിയാണ് ജ്വല്ലറിയില്‍ നിന്ന് ഡി.ജി.പിക്ക് ബില്ല് നല്‍കിയത്. ഇക്കാര്യം മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥനോട് ജ്വല്ലറി ഉടമ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഡി.ജി.പിയുടെ ചൈന യാത്രയെക്കുറിച്ചും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി സംബന്ധിച്ച കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ കൈമാറാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെയും നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉത്തരേന്ത്യക്കാരനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ നിര്‍ണായകമായ സ്ഥാനത്താണുള്ളത്. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി ഡി.ജി.പിയെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.