തിരുവനന്തപുരം: ജില്ലയിൽ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ജില്ലാ കലക്‌ടർ നവജ്യോത് സിംഗ് ഖോസ. എന്നാൽ ആശങ്കയുണ്ട്. സമ്പർക്കത്തിലൂടെ രോഗ ബാധ ഉണ്ടായ നാല് കേസുകളിൽ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്ന എല്ലാ പ്രൈമറി കോൺടാക്റ്റുകളുടെയും ഫലം നെഗറ്റീവാണ്. ഒരു കേസിൽ പരിശോധന പുരോഗമിക്കുകയാണെന്നും കലക്‌ടർ പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ പരിശോധന വർധിപ്പിക്കും. നഗരത്തിൽ തെരഞ്ഞെടുത്ത സ്ഥലങ്ങളിലും തീരപ്രദേശങ്ങളിലും പോയി സാമ്പിളുകൾ ശേഖരിക്കും. ജില്ലയിലെ അഞ്ച് താലൂക്ക് ആശുപത്രികളിലും കൊവിഡ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കും. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കലക്‌ട്രേറ്റിൽ വാർ റൂം ആരംഭിക്കുമെന്നും ജില്ലാ കലക്‌ടർ പറഞ്ഞു. നോൺ കൊവിഡ് ആശുപത്രികളിലെ ഒ.പികളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും കലക്‌ടർ അറിയിച്ചു.