തിരുവനന്തപുരം: ഉടുത്ത് പഴകിയ സാരി കൊണ്ട് കയറുണ്ടാക്കി താരമായ ഒരാളുണ്ട്. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശി ഗോപിനാഥന്‍. 23 വര്‍ഷം മുമ്പ് ഹൃദ്രോഗത്തെ തുടർന്ന് വിശ്രമ ജീവിതത്തിലേക്ക് മാറിയപ്പോഴാണ് സാരി കൊണ്ട് കയര്‍ നിര്‍മിച്ച് തുടങ്ങിയത്.
രണ്ട് പോളിയസ്റ്റര്‍ സാരി കൊണ്ടുവന്നാല്‍ ഒരു മണിക്കൂറില്‍ വലിയ കയര്‍ കൊണ്ട് പോകാം. ഇതാണ് ഈ 74കാരന്‍റെ ഉറപ്പ്. സ്വന്തമായി കണ്ടെത്തിയ കയര്‍ നിര്‍മാണ രീതിയാണ്. പക്ഷേ ആഞ്ഞ് വലിച്ചാലും പൊട്ടാത്ത കയറാണ് ഗോപിനാഥൻ നിർമിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി നിര്‍മിച്ച കയറിന്‍റെ ബലം പരീക്ഷിക്കുന്നതിനായി ആദ്യം പശുവിന്‍റെ കഴുത്തിലിട്ടു. വീണ്ടും ഉറപ്പാക്കാനായി കിണറ്റില്‍ നിന്ന് വെള്ളം കോരി. പരീക്ഷണം വിജയിച്ചതോടെ ഗോപിനാഥന്‍ സാരി കയറാക്കി മാറ്റിത്തുടങ്ങി.
സാരിയുടെ ഉറപ്പില്‍ വിശ്വാസക്കുറവുണ്ടെങ്കില്‍ കയര്‍ പൊട്ടിക്കാന്‍ പന്തയത്തിനും ഗോപിനാഥൻ തയ്യാറാണ്. ഇപ്പോൾ സാരി വിജയിച്ചതോടെ, പ്ലാസ്‌റ്റിക് ചാക്ക്, കിണറിന് മുകളില്‍ വിരിയ്‌ക്കുന്ന വല, സാമ്പ്രാണി തിരിയുടെ കവര്‍ എന്നിവയെല്ലാം ഗോപിനാഥൻ കയറാക്കി മാറ്റും. ഇനി കയര്‍ നിര്‍മാണം പഠിക്കാൻ താല്‍പര്യമുണ്ടെങ്കില്‍ അതിനും ഇദ്ദേഹം തയ്യാർ. പഠനവും ഫ്രീ.