തിരുവനന്തപുരം: സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് എട്ട്, ഇടുക്കി അഞ്ച്, കൊല്ലം രണ്ട്, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോത്തര്‍ക്ക് വീതവുമാണ് രോഗബാധ. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 256 ആയി. ഇതില്‍ രണ്ട് പേര്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. കൊല്ലത്ത് കൊവിഡ് ബാധിച്ച ഒരാൾ 27 വയസുള്ള ഗര്‍ഭിണിയാണ്. ഇന്ന് 145 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 1,65,934 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 28 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രണ്ട് പേര്‍ മുമ്പ് മരണമടഞ്ഞിരുന്നു.
ഇതുവരെ രോഗം ബാധിച്ചവരില്‍ 200 പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ 76 പേര്‍ക്ക് രോഗം പകര്‍ന്നു. പരിശോധിച്ച 8456 സാമ്പിളുകളില്‍ 7622 എണ്ണം നെഗറ്റീവാണ്. കാസര്‍കോട്, പത്തനംതിട്ട എന്നീ ജില്ലകൾക്ക് പുറമെ തിരുവനന്തപുരം, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളെ കൂടി കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. പോത്തന്‍കോട് ശക്തമായ നിയന്ത്രണം തുടരും. കേരളത്തില്‍ നിന്നും 157 പേര്‍ നിസാമുദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കാസര്‍കോട്ടെ ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗസാധ്യത ഉണ്ടോയെന്ന് പരിശോധിക്കും. രണ്ട് മാധ്യമപ്രവര്‍ത്തകരുടെ ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ചരക്ക് നീക്കം ഉറപ്പാക്കണമെന്ന് ഇന്നത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. റാപിഡ് ടെസ്റ്റിനും കേന്ദ്രസഹായം തേടി. ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാന്‍ യാത്രാ സൗകര്യം ഒരുക്കണം. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കാനും വായ്‌പാ പരിധി ഉയര്‍ത്താനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്‍സിസി, എന്‍എസ്‌എസ് അംഗങ്ങളെ കൂടി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉൾപ്പെടുത്തും. ഒരു ലക്ഷം ഐസൊലേഷന്‍ കിടക്കകൾ തയ്യാറാക്കും. താല്‍ക്കാലിക കൊവിഡ് ആശുപത്രികൾ സജ്ജമാക്കും. ഹോം സ്റ്റേകളും ഹോട്ടലുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജവാര്‍ത്ത പ്രചരണം തടയാന്‍ ശക്തമായ നടപടിയെടുക്കും. ഇന്ന് മാത്രം 32 കോടിയലധികം രൂപയാണ് ദുരിതാശ്വാസ നിധിയിലൂടെ ലഭിച്ചത്. സാലറി ചലഞ്ചിലൂടെ അഭ്യര്‍ഥന മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതില്‍ വേറെ ആശങ്കകളില്ല. അടുത്ത മാസത്തെ ശമ്പളം വെട്ടിചുരുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. കേരളാ-കര്‍ണാടക അതിര്‍ത്തി പ്രശ്‌നത്തില്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ഇടപെടുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.