തിരുവനന്തപുരം: ശാസ്ത്രത്തെ മനുഷ്യ നന്മക്കും പുരോഗതിയ്ക്കും വേണ്ടി വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്തെ ഗവേഷണ നിലവാരം വികസിത രാജ്യങ്ങളുടെ നിലവാരത്തിൽ എത്തിക്കണം എന്നതാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബയോ മെഡിക്കൽ റിസർച്ച് സംബന്ധിച്ച ശ്രീ ചിത്തിര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ടും കേരള ഹയർ എജുക്കേഷണൽ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ശില്‌പശാല ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മികച്ച ആരോഗ്യ പരിപാലന സംവിധാനങ്ങളുള്ള ഒരു സംസ്ഥാനമാണ് കേരളം. നിലവില്‍ വികസിത രാജ്യങ്ങളുടെ നിലവാരത്തിലാണ് കേരളത്തിലെ ആരോഗ്യ സംവിധാനം. എന്നാൽ വ്യത്യസ്‌തമായ വെല്ലുവിളികളാണ് ഇപ്പോൾ സംസ്ഥാനം നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവേഷണ രംഗങ്ങളിൽ വികസിത രാജ്യങ്ങൾക്കൊപ്പം മുന്നോട്ടു പോകേണ്ട ആവശ്യം കേരളത്തിനുണ്ട്. അതിനുള്ള ശ്രമത്തിലാണ് കേരളം ഇപ്പോഴുള്ളത്. സംസ്ഥാനത്ത് പകർച്ച വ്യാധിയല്ലാത്ത രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഇക്കാര്യങ്ങളിൽ വ്യക്തമായ ഗവേഷണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര തലത്തിലുള്ള ഗവേഷണം ഇക്കാര്യത്തിൽ നടത്തേണ്ടതുണ്ട്. അതിന് സർക്കാർ പ്രാമുഖ്യം നൽകും. പകർച്ച വ്യാധി സംബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലും പഠനം വേണം. ബയോ മെഡിക്കൽ ഗവേഷണം നടക്കണം. എല്ലാ മെഡിക്കൽ കോളജിലും ഗവേഷണപരമായ പഠനം വേണം.
ആരോഗ്യ രംഗം നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏതൊക്കെയാണെന്ന് നേരത്തെ തന്നെ പഠനം നടക്കണം. ഇതിലൂടെ കേരളത്തിന്‍റെ ആരോഗ്യ രംഗത്തിന്‍റെ വികസനത്തിന് ആവശ്യമായ പുതിയ അറിവുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇത് അടിയന്തര ആവശ്യമെന്ന ബോധ്യം സർക്കാറിനുണ്ട്.
അതുകൊണ്ടു തന്നെ ഇത്തരം ഗവേഷണത്തിന് സർക്കാർ കൂടുതൽ പ്രധാന്യം നൽകും. അന്താരാഷ്ട്ര രംഗത്ത് ബയോ മെഡിക്കൽ സംവിധാനത്തിൽ അടക്കം പ്രശസ്‌തരായ നിരവധി മലയാളികളുണ്ട്. അവരെ ഇവിടെ എത്തിക്കാൻ കഴിയില്ലെങ്കിലും അവരുമായി ആശയ സംവാദനത്തിന് നമ്മുടെ ആരോഗ്യ മേഖലയിലുള്ളവർക്ക് അവസരം നൽകും. അതിനാണ് ബ്രെയിൽ ഗെയിൽ പദ്ധതി. ലോകത്തെവിടെയുമുള്ള പ്രഗത്ഭരെ കേരളത്തിലെ ഗവേഷണത്തിന്‍റെ ഭാഗമാക്കും.
അവരുമായി ആശയ വിനിമയം നടത്തുന്നത് കേരളത്തിലെ ഗവേഷകർക്ക് ഗുണകരമാകും. ആവശ്യമായ പശ്ചാത്തല വികസനം സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് പല സ്ഥലങ്ങളിലും യാഥാർഥ്യമാവുകയും ചെയ്‌തു. ഇതിന്‍റെ ഗുണം എത്രയും പെട്ടെന്ന് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.