തിരുവനന്തപുരം: 12 ദിവസത്തെ വിദേശസന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ മടങ്ങിയെത്തും. നെതർലന്‍ഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. കിഫ്ബി ധനസമാഹരണത്തിനായി പുറത്തിറക്കിയ കടപ്പത്രം മസാലബോണ്ടിനെ ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുക എന്നതായിരുന്നു സന്ദർശനത്തിന്‍റെ പ്രധാന ലക്ഷ്യം. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തിനൊപ്പം മസാലബോണ്ടിൽ പ്രതിപക്ഷത്തിന്‍റെ എതിർപ്പാണ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്. മസാലാബോണ്ടിൽ അഴിമതിയാണെന്നും വിവാദ കമ്പനിയായ ലാവലിനെ സഹായിക്കാനാണ് ഈ നടപടിയെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ജനീവയിൽ അന്താരാഷ്ട്ര പുനർനിർമ്മാണ കോൺഗ്രസിൽ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. ഇതോടൊപ്പം തന്നെ വിദേശത്തുള്ള കമ്പനികളുടെ സിഇഒമാരുമായി കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള ചർച്ചയും മുഖ്യമന്ത്രി നടത്തിയിരുന്നു. മെയ് പതിനേഴിനാണ് കിഫ്ബി ഓഹരികൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടൻ ഓഹരി വിപണി വ്യാപാരത്തിന് തുറന്ന് കൊടുക്കുകയും ചെയ്തിരുന്നു.