തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ ജോ. ഡയറക്‌ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്‌തു. പുറത്താക്കപെട്ട മുൻ കെടിയു വിസി ഡോ. രാജശ്രീ എംഎസ് പുതിയ സീനിയർ ജോ.ഡയറക്‌ടറാകും. സുപ്രീം കോടതി വിധിയിലൂടെ പുറത്തു പോകേണ്ടി വന്ന വിസി ആണ് ഡോ. രാജശ്രീ.
പകരം സാങ്കേതിക വിദ്യാഭ്യാസ ജോ.ഡയറക്‌ടറായിരുന്ന സിസ തോമസിന് അധിക ചുമതല എന്ന നിലയ്ക്ക് ആണ് സാങ്കേതിക സർവകലാശാല വിസി ആയി ഗവർണർ നിയമിച്ചത്. എന്നാൽ സിസ തോമസിന്‍റെ നിയമനം സംബന്ധിച്ച് ഹൈക്കോടതി വിമർശിച്ചിരുന്നു. താത്‌കാലിക വിസി നിയമനാധികാരം സർക്കാരിൽ ആണെന്നും ഗവർണർക്ക് അതിന് അധികാരമില്ലെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത്.
സിസ തോമസും കെടിയു സിൻഡിക്കേറ്റും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ ഹൈക്കോടതി വിധി അടിസ്ഥാനമാക്കി പുതിയ വിസിയെ താത്‌കാലികമായി നിയമിക്കാനും സിസ തോമസിനെ മാറ്റാനും സർക്കാരിനോട് സിൻഡിക്കേറ്റ് ശുപാർശ ചെയ്‌തിരുന്നു. സർക്കാർ മൂന്നംഗപാനൽ ഇതിനായി ഗവർണർക്ക് നൽകുകയും ചെയ്‌തു. ഇതിനിടെയാണ് സിസ തോമസ് വഹിച്ചു വന്നിരുന്ന ജോയിന്‍റ് ഡയറക്‌ടര്‍ സ്ഥാനത്ത് നിന്ന് അവരെ നീക്കം ചെയ്‌തത്.