തിരുവനന്തപുരം : സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്ന് തന്നെ പൂർത്തിയാക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് (Civil supplies department). ക്ഷേമസ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള കിറ്റ് വിതരണം (Onam kit distribution) ഇന്നലെ പൂർത്തിയായിരുന്നു. കിറ്റ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ഇടവേളകളില്ലാതെ റേഷൻകടകൾ (Ration shops in Kerala) പ്രവർത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ (Minister GR Anil) അറിയിച്ചിരുന്നു.
നിലവിൽ 3.30 ലക്ഷത്തോളം പേർക്കാണ് ഓണക്കിറ്റ് വിതരണം (Onam Kit distribution in kerala) ചെയ്യാനുള്ളത്. എല്ലാ റേഷൻ കടകളിലേക്കും ആവശ്യമായ കിറ്റ് ഇന്നലെ വൈകിട്ടോടെ എത്തിച്ചിട്ടുണ്ട്. അതേസമയം, ക്ഷേമസ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലേക്കുമുള്ള കിറ്റ് വിതരണം ഇന്നലെ പൂർത്തിയായി. നാടാകെ നാളെ തിരുവോണം ആഘോഷിക്കാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. 2,59,944 കിറ്റുകളാണ് ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം ആകെ വിതരണം ചെയ്‌തത്. ലഭ്യമാകുന്ന കണക്കനുസരിച്ച് 3,27,737 പേർക്ക് കൂടി ഓണക്കിറ്റ് കിട്ടാനുണ്ട് (Onam Kit distribution progress).
ഇരട്ടി പ്രഹരമായി ഇ - പോസ് മെഷീൻ തകരാര്‍ : തിരുവോണത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കിറ്റ് വിതരണം പൂർത്തിയാക്കാനാകുമോ എന്ന് ആശങ്കയുള്ള സാഹചര്യത്തിലാണ് ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാക്കുമെന്നുള്ള സർക്കാർ വാദം. ഇതിന് പുറമെ ഇ - പോസ് മെഷീൻ തകരാറിലായത് ഇരട്ടി പ്രഹരമായി. ഇന്നലെ രാവിലെ മുതലാണ് മെഷീൻ തകരാറിലായത്. ആളുകൾ റേഷൻ വാങ്ങാൻ അവസാന ദിനം വരെ കാത്തിരിക്കുമെന്നും കിറ്റ് തീർന്ന് പോയാൽ വാങ്ങാൻ എത്തിയ ആളുകളുടെ നമ്പർ വാങ്ങി വീട്ടിൽ എത്തിച്ച് നൽകുമെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞിരുന്നു.
അവസാനത്തെ ആളും കിറ്റ് വാങ്ങുന്നതുവരെ റേഷൻ കട പ്രവർത്തിക്കും. ആർക്കും ഒരു ആശങ്കയും വേണ്ട. ഇ - പോസ് തകരാറിലായാൽ കിറ്റ് വിതരണത്തെ പ്രതികൂലമായി ബാധിക്കില്ല. തനിക്ക് ഇക്കാര്യങ്ങളിലൊന്നും ഒരാശങ്കയുമില്ല. എല്ലാം കൃത്യമായി നടക്കും. കടകളിൽ സാധനങ്ങൾ തീരുന്നതിനനുസരിച്ച് എത്തിക്കും. കാസർകോട്, കോഴിക്കോട്, തൃശൂർ, ഇടുക്കി ജില്ലകളിലെ കിറ്റ് വിതരണത്തിലെ കുറവ് പരിശോധിക്കാമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
കോഴിക്കോട് കിറ്റ് വിതരണം പ്രതിസന്ധിയിലാണ്. നിലവിൽ ഏറ്റവുമധികം കിറ്റ് വിതരണം ചെയ്‌തത് തിരുവനന്തപുരത്താണ്. അതേസമയം, എല്ലാ ജില്ലയിലെയും കിറ്റ് വിതരണത്തിന്‍റെ പുരോഗതി അറിയിക്കാനും മന്ത്രി നിർദേശം നൽകിയിരുന്നു.
കിറ്റ് വിതരണം തടയാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് : നിലവിൽ അറുപത്തി ഏഴായിരത്തിലധികം കിറ്റുകൾ മാത്രമാണ് വിതരണം ചെയ്‌തത്. ഇനിയും അഞ്ച് ലക്ഷത്തിലധികം കിറ്റുകൾ സംസ്ഥാനത്ത് നൽകാനുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയത്ത് കിറ്റ് വിതരണം തടയാനുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. കിറ്റ് വിതരണം തടയരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നൽകിയിട്ടുണ്ട്.