തിരുവനന്തപുരം: സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാരിന് കൈത്താങ്ങായി ക്രിസ്‌മസ് കാലത്ത് റെക്കോഡ് മദ്യവില്‍പന. ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള നാലുദിവസത്തെ മാത്രം മദ്യവില്‍പന ഇത്തവണയും റെക്കോഡാണ്. 282.10 കോടിയുടെ മദ്യമാണ് ഈ നാലുദിവസങ്ങളില്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 270.31 കോടിയുടെ മദ്യവില്‍പനയാണ് നടന്നത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 12 കോടിയുടെ വില്‍പനയാണ് ഇത്തവണയുണ്ടായത്. ഡിസംബര്‍ 22ന് 65.26 കോടിയും 23ന് 75.02 കോടിയും 24ന് 89.52 കോടിയും 25ന് 52.30 കോടിയുടെ മദ്യവുമാണ് വിറ്റത്. 24ന് ഏകദേശം 90 കോടി രൂപയുടെ മദ്യവില്‍പനയുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ നേരിയ കുറവുണ്ട്. കഴിഞ്ഞ തവണ ഇതേദിവസം 90.03 കോടിയായിരുന്നു. കൊല്ലം ആശ്രാമം, തിരുവനന്തപുരം പവര്‍ഹൗസ്, ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റുകളിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യവില്‍പനയുണ്ടായത്.
ഡിമാന്‍ഡില്‍ കേമന്‍ റം തന്നെ: മദ്യത്തിന്‍റെ വില്‍പന നികുതി നാല് ശതമാനം ഉയര്‍ത്തിയ ശേഷമുള്ള ആദ്യ ഉത്സവ സീസണ്‍ കൂടിയാണിത്. വില്‍പനയ്‌ക്കുള്ള വര്‍ധനയില്‍ ഇതും ഒരു ചെറിയ ഘടകമാണെന്ന് ബെവ്‌കോ അധികൃതര്‍ പറഞ്ഞു. ഇത്തവണ നാലുദിവസത്തെ വില്‍പനയിലൂടെ ലഭിച്ച 282.10 കോടിയില്‍ 250 കോടിയും സര്‍ക്കാര്‍ ഖജനാവിലേക്കാണ്. വില്‍പന പൊടിപൊടിച്ചതില്‍ റം മദ്യത്തിനാണ് ഏറ്റവുമധികം ഡിമാന്‍ഡുണ്ടായത്. അതേസമയം, സമീപകാലത്ത് വൈനിന്‍റെ വില്‍പനയില്‍ വന്‍തോതില്‍ ഇടിവുണ്ടായി.
ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വൈനിന്‍റെ വില്‍പന നികുതി 112 ശതമാനത്തില്‍ നിന്ന് 86 ആയി കുറച്ചു. ഇതിലൂടെ വൈന്‍ ബോട്ടിലൊന്നിന് 40 മുതല്‍ 50 വരെ രൂപ വില കുറയും. ഡിസംബര്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയുള്ള മദ്യവില്‍പനയാണ് ക്രിസ്‌മസ് - നവവത്സര മദ്യ വില്‍പനയായി കണക്കാക്കുന്നത്. അതിനാല്‍ ക്രിസ്‌മസ് - ന്യൂഇയര്‍ മദ്യ വില്‍പനയുടെ യഥാര്‍ഥ കണക്ക് ജനുവരി ഒന്നിനുമാത്രമേ പുറത്തു വരികയുള്ളൂ.