തിരുവനന്തപുരം: സംസ്ഥാന ടൂറിസം മന്ത്രിയായിരിക്കെ 2003ൽ കെ.വി തോമസ് കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള കൊച്ചി ബോൾഗാട്ടി പാലസും ഹോട്ടൽ സമുച്ചയവും വിൽക്കാൻ കരാറുണ്ടാക്കിയെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ബോൾഗാട്ടി പാലസും ഹോട്ടൽ സമുച്ചയവും അടങ്ങുന്ന എട്ട് ഏക്കർ സ്ഥലം മലേഷ്യൻ കമ്പനിക്ക് വിൽക്കാൻ കരാറുണ്ടാക്കിയെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പ് ആരോപിച്ചത്.
64 ആഢംബര നൗകകൾക്ക് നങ്കൂരമിടാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ മറീന എന്ന മിനി തുറമുഖം ബോൾഗാട്ടി ദ്വീപിൽ തുടങ്ങുന്നതിന് മലേഷ്യൻ കമ്പനിയുമായി ചേർന്നുള്ള ഒരു സംയുക്ത സംരംഭത്തിനാണ് കരാറിൽ ഏർപ്പെട്ടത്. കരാർ പ്രകാരം കെടിഡിസിക്ക് 25 ശതമാനം ഓഹരിയാണ് നിർദേശിച്ചത്.
40 കോടി രൂപയുടെ പദ്ധതിയിൽ 10 കോടിയായിരുന്നു കെടിഡിസിക്കു വാഗ്ദാനം ചെയ്ത ഓഹരി. 2006 ൽ താൻ കെടിഡിസി ചെയർമാൻ ആയപ്പോൾ ഈ കരാർ ഒഴിവാക്കുകയും പദ്ധതി കെടിഡിസിയുടെ ഉടമസ്ഥതയിൽ നേരിട്ടു നടപ്പാക്കുകയും ചെയ്തു.
നിർമാണ ചുമതല ആഗോള ടെൻഡർ വിളിച്ച് ഒരു വിദഗ്ധ സമിതിയുടെ പരിശോധന പ്രകാരം ഷാർജയിലെ ഒരു കമ്പനിയെ ഏല്പിച്ചു. കേന്ദ്രസഹായത്തോടെയും ബാങ്ക് വായ്പയെടുത്തും പണം സമാഹരിച്ചു മറീന ഹൗസ് നിർമിച്ചെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.