തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച ഫൊറന്‍സിക്ക് റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തെ ഒരു ഐ.ജിയെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല സെക്രട്ടേറിയറ്റില്‍ തീപിടിത്തമെന്ന റിപ്പോര്‍ട്ട് സിജെഎം കോടതിയില്‍ നല്‍കിയ ദിവസം ഈ ഐജി ഫോറന്‍സിക് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി. ഇങ്ങനെ ഒരു റിപ്പോര്‍ട്ട് നല്‍കിയതെന്തിനെന്നു ചോദിച്ച് ഉദ്യോഗസ്ഥരെ ശകാരിച്ചു. അതിനു ശേഷം ഫയലുകളെല്ലാം പിടിച്ചു വാങ്ങി. ഇനി വരാനുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് അനുകൂലമല്ലെങ്കില്‍ അത് പിടിച്ചു വയ്ക്കാനാണ് നീക്കമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഇത്തരത്തില്‍ ഫൊറന്‍സിക് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ശകാരിക്കാനും ഫയലുകള്‍ പിടിച്ചെടുക്കാനും ഈ ഐ.ജിക്ക് അധികാരം നല്‍കിയതാരാണ്. ആരാണ് ഈ നീക്കത്തിനു പിന്നില്‍. ഐ.ജിക്കെതിരെ നടപടി വേണം. ഈ സംഭവത്തിനു ശേഷം ഫൊറന്‍സിക് വിഭാഗം മേധാവി സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി. 2021 ജനുവരി വരെ സര്‍വ്വീസുള്ള ഈ ഉദ്യോഗസ്ഥന്‍ പൊടുന്നനെ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയതിന്‍റെ കാരണം അന്വേഷിക്കണം. മുഖ്യമന്ത്രി ഈ കേസില്‍ നേരിട്ട് ഇടപെടുന്നതിന്‍റെ തെളിവാണിത്. ഡി.ജി.പിയെയും ചീഫ് സെക്രട്ടറിയെയും ഉപയോഗിച്ചാണ് മുഖ്യമന്ത്രി തീപിടിത്തം സംബന്ധിച്ച കേസ് അട്ടിമറിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കെമിക്കല്‍ എക്‌സാമിനേഷന്‍ ലാബില്‍ 30 ദിവസക്കൂലിക്കാരാണ് സാമ്പിളുകള്‍ പരിശോധിക്കുന്നത്. കഴിവുറ്റ ഉദ്യോഗസ്ഥരെ പി.എസ്.സി വഴി നിയമിക്കുകയാണ് വേണ്ടത്. ഈ ദിവസക്കൂലിക്കാരായ ജീവനക്കാര്‍ 3000ല്‍ അധികം സാമ്പിളുകള്‍ പരിശോധിച്ചതായി അറിയുന്നു. ഇവര്‍ പരിശോധിച്ച കേസുകളുടെ സ്ഥിതിയെന്താകുമെന്ന് ആശങ്കയുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മൂന്ന് ലക്ഷം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്‍റെ വിശദാംശങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.