തിരുവനന്തപുരം: കൊവിഡ് കാലത്ത് ഉപഭോക്താക്കളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്ന കെഎസ്ഇബിയുടെ ജനദ്രോഹ നടപടിക്കെതിരെ പ്രതീകാത്‌മക പ്രതിഷേധവുമായി യുഡിഎഫ്. ജൂണ്‍ 17ന് രാത്രി ഒൻപതിന് വീടുകളിലെയും സ്ഥാപനങ്ങളിലെയും ലൈറ്റുകള്‍ മൂന്ന് മിനിറ്റ് അണച്ചാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ലൈറ്റ്സ് ഓഫ് കേരള എന്ന പേരിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനു പുറമേ change.org എന്ന വെബ് സൈറ്റില്‍ പരാതികള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പ്രതിഷേധ പരിപാടിക്കും യുഡിഎഫ് ഇന്ന് മുതല്‍ തുടക്കമിട്ടു.
ജോലി ഇല്ലാതെ കേരളത്തിലെ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈ ലോക്ക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിച്ച് വൈദ്യുതി ബില്‍ അടയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഈ കൊള്ള അവസാനിപ്പിക്കുന്നത് വരെ പ്രതിഷേധം തുടരും. ലോക്ക് ഡൗണ്‍ കാലത്ത് മീറ്റര്‍ റീഡിങ് നടത്താത്തതിന് വില നല്‍കേണ്ടി വന്നിരിക്കുന്നത് കേരളത്തിലെ സാധാരണക്കാരും പാവപ്പെട്ടവരുമായ ഉപഭോക്താക്കളാണ്. ചെറുകിട വ്യവസായ സ്ഥാപനങ്ങളെ ഫിക്‌സഡ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എത്രയും വേഗം നടപ്പാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.