തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയില്‍ മാറ്റം. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനും വർക്കലയ്ക്കമിടയിലൂടെ ചുഴലിക്കാറ്റ് കടന്നു പോകും എന്നാണ് പുതിയ പ്രവചനം. നാളെ വൈകുന്നേരത്തോടെ ബുറെവി ചുഴലിക്കാറ്റ് കേരള തീരത്ത് എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം. സംസ്ഥാനത്തെ തെക്കേയറ്റത്താകും ചുഴലിക്കാറ്റ് വീശാൻ സാധ്യത. അതിശക്ത ന്യൂനമർദ്ദമായാകും കേരള തീരത്ത് ചുഴലിക്കാറ്റ് എത്തുക. അതിന്‍റെ ഭാഗമായി തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ശനിയാഴ്ച വരെയാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുക. 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കേരളത്തിൽ കാറ്റ് വീശാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അതുകൊണ്ട് തന്നെ കനത്ത ജാഗ്രത മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്. ശ്രീലങ്കൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെ പുലർച്ചയോടെയോ ഇന്ത്യൻ കര തൊടും. തെക്കൻ തമിഴ്നാട്ടിലെ പാമ്പനും കന്യാകുമാരിക്കും ഇടയിലാകും ചുഴലിക്കാറ്റ് വീശുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിലാകും കാറ്റ് വീശുക.