തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എംഎല്‍എ ആയി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്‌തു (Chandy Oommen sworn in as Puthuppally MLA). രാവിലെ 10ന് ചോദ്യോത്തരവേള അവസാനിച്ച ഉടനെയായിരുന്നു സത്യപ്രതിജ്ഞ. നിയമസഭ സെക്രട്ടറി എംഎം ബഷീർ പേരു വിളിച്ചതിനു പിന്നാലെ നിയമസഭ നടുത്തളത്തിൽ എത്തി സത്യപ്രതിജ്ഞ ചെയ്‌ത് ചാണ്ടി ഉമ്മൻ ചുമതല ഏറ്റെടുക്കുകയായിരുന്നു.
സ്‌പീക്കർ എ.എൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ചാണ്ടി ഉമ്മൻ്റെ മാതാവ് മറിയാമ്മ ഉമ്മൻ, സഹോദരങ്ങളായ മറിയം ഉമ്മൻ, അച്ചു ഉമ്മൻ മറ്റ് കുടുംബാംഗങ്ങൾ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മറ്റ് കക്ഷി നേതാക്കൾ എന്നിവർ ചാണ്ടി ഉമ്മനെ അനുമോദിച്ചു. പ്രതിപക്ഷ നിരയിൽ ഏറ്റവും പിന്നിൽ തൃക്കാക്കര എംഎൽഎ ഉമ തോമസിന് സമീപത്താണ് ചാണ്ടി ഉമ്മൻ്റെ ഇരിപ്പിടം.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ സെപ്‌റ്റംബർ അഞ്ചിന് പുതുപ്പളളിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെയാണ് ചാണ്ടി ഉമ്മന്‍റെ വിജയം. ഉപതെരഞ്ഞെടുപ്പിൽ മുഖ്യ എതിരാളിയായ എല്‍ഡിഎഫിന്‍റെ ജെയ്‌ക്ക് സി തോമസിനെ 37,719 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ പരാജയപ്പെടുത്തിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിൻ്റെ വിജയ നിറവില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സാധാരണക്കാരെ ചേർത്തുപിടിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ മാർഗം പിന്തുടരുമെന്നും പുതുപ്പള്ളി ഹൗസിലും പുതുപ്പള്ളിയിലും കേന്ദ്രീകരിച്ച് ഒരു പോലെ പ്രവർത്തിക്കുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു.
80,144 വോട്ടുകള്‍ നേടിയാണ് ചാണ്ടി ഉമ്മന്‍ മിന്നുംവിജയം കരസ്ഥമാക്കിയത്. 2011 ലെ തെരഞ്ഞെടുപ്പിലാണ് ഉമ്മന്‍ ചാണ്ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്. അതിനെ മറികടന്ന് കൊണ്ടാണ് മണ്ഡലത്തിലെ ചരിത്ര ലീഡ് ചാണ്ടി ഉമ്മൻ കുറിച്ചത്. തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍റെ പ്രധാന എതിരാളിയായിരുന്ന ജയ്‌ക്ക് സി തോമസിന് 42,425 വോട്ടുകളാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ഥി ലിജിന് 6558 വോട്ടുകളും ലഭിച്ചു.
ALSO READ: 'സത്യം കാലം തെളിയിക്കും' ; സോളാര്‍ കേസ് ഗൂഢാലോചനയില്‍ ചാണ്ടി ഉമ്മന്‍
അതേസമയം താത്‌കാലികമായി നിർത്തിവച്ച ഒൻപതാമത് നിയമസഭ സമ്മേളനം പുനരാരംഭിച്ചു. ഒരു ഇടവേളയ്‌ക്ക് ശേഷം ആരംഭിച്ച നിയമസഭ സമ്മേളനത്തിൽ ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തുന്ന ഒരുപാട് വിഷയങ്ങളുമായാണ് പ്രതിപക്ഷം ഇത്തവണയും സഭയിൽ എത്തിയത്.