തിരുവനന്തപുരം: ഐഎസ്‌ആര്‍ഒയുടെ(ISRO) അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ 3 (Chandrayaan 3) സോഫ്‌റ്റ് ലാന്‍ഡിങ് (Soft Landing) എന്ന അവസാന കടമ്പ കടക്കാനുള്ള ഒരുക്കത്തിലാണ്. ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍റെ ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രന്‍റെ മറ്റ് മേഖലകളില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ദക്ഷിണ ധ്രുവത്തില്‍ ഒരു പേടകമിറക്കല്‍ ഇത് ആദ്യമാണ്.
ദക്ഷിണ ധ്രുവത്തിന്‍റെ (South pole) 69.37,32.35 മേഖലയിലാകും ചന്ദ്രയാനിലെ വിക്രം ലാന്‍ഡര്‍ (Vikram Lander) ലാന്‍ഡ് ചെയ്യുക. അവസാന നിമിഷം പരാജയപ്പെട്ട ചന്ദ്രയാന്‍ രണ്ട് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച മേഖലയില്‍ നിന്നും 100 കിലോമീറ്റര്‍ മാറിയാണ് ഇപ്പോഴത്തെ ലാന്‍ഡിങിന് സ്ഥലം നിശ്ചയിച്ചിരിക്കുന്നത്.
ദക്ഷിണ ധ്രുവത്തില്‍ തന്നെ പേടകമിറക്കാനായി റഷ്യയുടെ ലൂണ 25 (Luna 25) എന്ന പേടകവും ചന്ദ്രയാന്‍ മൂന്നിനൊപ്പം പുറപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം (20.08.2023) ലൂണ 25 ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ (Russian Space Agency) റസ്‌കോമോസ് (Roscosmos) സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ചന്ദ്രയാന്‍ 3 ന് മുന്നില്‍ നിലവില്‍ അങ്ങനെയുള്ള വെല്ലുവിളികള്‍ ഒന്നുമില്ല.
ലക്ഷ്യം ദക്ഷിണ ധ്രുവം: ചന്ദ്രനില്‍ ജലത്തിന്‍റെ അംശമുണ്ടെന്ന നിര്‍ണായക കണ്ടെത്തല്‍ ഐഎസ്‌ആര്‍ഒയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 1 ന്‍റേതായിരുന്നു. ഇതിന്‍റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്നത് തന്നെയാണ് ദക്ഷിണ ധ്രുവത്തിലെ പരീക്ഷണത്തിലൂടെ ഐഎസ്‌ആര്‍ഒ (ISRO) ലക്ഷ്യമിടുന്നത്. ദക്ഷിണ ധ്രുവത്തില്‍ വലിയ ഐസ് നിക്ഷേപമുണ്ടെന്നാണ് വിലയിരുത്തല്‍. അത് ശരിയാണെന്ന് കണ്ടെത്തിയാല്‍ ഭാവിയിലെ ദൗത്യങ്ങള്‍ക്കുള്ള ഇന്ധനം ഈ ജലം വിഘടിച്ച് ഉണ്ടാക്കാമെന്നാണ് പ്രതീക്ഷ.
ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ വലിയ ഗര്‍ത്തങ്ങളുണ്ട്. സൂര്യപ്രകാശം എത്താത്തയത്ര ആഴത്തിലുളളവയാണ് ഈ ഗര്‍ത്തങ്ങള്‍. ഇതുകൂടാതെ ചന്ദ്രനിലെ സവിശേഷതയാര്‍ന്ന എയ്റ്റ്കിന്‍ ബേസിന്‍ (Aitken basin), എപ്‌സിലോണ്‍ കൊടുമുടി (Epsilon Peak) തുടങ്ങിയവയെല്ലാം ഈ ദക്ഷിണ ധ്രുവത്തിലാണ്. ഇതെല്ലാം പരിഗണിച്ചാണ് ദക്ഷിണ ധ്രുവം എന്ന തീരുമാനത്തിലേക്ക് ഐഎസ്‌ആര്‍ഒ എത്തിയത്. വളരെ കുറച്ച് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമായതിനാല്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഇവിടത്തെ ദൗത്യം. ഇതിലൂടെ ചന്ദ്രന്‍റെ ഉല്‍പ്പത്തിയെ കുറിച്ചുള്ള കാര്യങ്ങളും മനസിലാക്കാം എന്നും പ്രതീക്ഷിക്കുന്നു.
വിജയകരമായാല്‍ ഐഎസ്‌ആര്‍ഒ ലോകത്തിന്‍റെ നെറുകയില്‍: 1976 ന് ശേഷം ചൈന (China) മാത്രമാണ് ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറക്കിയിട്ടുള്ളത്. 2013ല്‍ ചാങ്ങ് ഇ 3 (Chang'e 3) എന്ന ലാന്‍ഡര്‍ ചന്ദ്രന്‍റെ വിദൂര വശത്തും 2015ല്‍ ചാങ്ങ് ഇ 5 (Chang'e 5) ചന്ദ്രോപരിതലത്തിലും ഇറങ്ങിയിട്ടുണ്ട്. ഇതല്ലാതെ 1976 ന് ശേഷമുള്ള എല്ലാ ചാന്ദ്ര ദൗത്യങ്ങളും പരാജയമായിരുന്നു.
അതില്‍ ഐഎസ്‌ആര്‍ഒയുടെ ചന്ദ്രയാന്‍ 2 (Chandrayaan 2), ഇസ്രയേലിന്‍റെ ബെറഷീറ്റ് (Beresheet), യുഎഇയുടെ റാഷിദ് റോവര്‍ (Rashid rover) എന്നിവയെല്ലാമുണ്ട്. ഇതോടൊപ്പമാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവമെന്ന് ലക്ഷ്യവുമായി പുറപ്പെട്ട് യാത്ര പൂര്‍ത്തിയാക്കാനാവാതെ പോയ റഷ്യയുടെ ലൂണ 25 ഉം. ഇതുതന്നെ ഐഎസ്‌ആര്‍ഒയ്‌ക്ക് മുന്നിലുള്ള വലിയ വെല്ലുവിളി വ്യക്തമാക്കുന്നതാണ്. ചന്ദ്രയാന്‍ 3 വിജയിച്ചാല്‍ ബഹിരാകാശ ഗവേഷണരംഗത്ത് ഐഎസ്‌ആര്‍ഒയ്‌ക്ക് ലോകത്തിന്‍റെ നെറുകയിലെത്താന്‍ കഴിയും. അതേസമയം ഇതുവരെയുള്ള ഘട്ടങ്ങള്‍ 100 ശതമാനം വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ടീം ഐഎസ്‌ആര്‍ഒ.