തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് കേസിൽ അന്വേഷണം വഴിതെറ്റിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കുരുക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. അന്വേഷണ വിവരങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം എല്ലാവർക്കും വ്യക്തമാകും. തെറ്റായ മാർഗത്തിൽ മൊഴികൾ രൂപപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.
സംസ്ഥാന സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ഗൂഢശ്രമം നടക്കുകയാണ്. കിഫ്ബിയിലൂടെ കേരളം കൈവരിക്കുന്ന വികസന കുതിപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പും നേരിടാൻ ഇടതു മുന്നണിക്ക് ആത്മവിശ്വാസം നൽകുന്നത്. ഇത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുകയാണ്. അതുകൊണ്ടാണ് സി.എ.ജിയെ കൂട്ട് പിടിച്ച് യുഡിഎഫും ബിജെപിയും ഗൂഡാലോചന നടത്തുന്നത്.
അധികാര ദുർവിനിയോഗം നടത്താൻ അന്വേഷണ ഏജൻസികൾ കേരളത്തിൽ വട്ടമിട്ട് പറക്കുകയാണ്. ഈ വികസന വിരുദ്ധ നിലപാടിനെ തുറന്ന് കാട്ടുമെന്നും ഇതിനായി പ്രതിഷേധവും പ്രചരണവും സംഘടിപ്പിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. പ്രതിഷേധം എങ്ങനെ വേണമെന്ന് എൽഡിഎഫ് തീരുമാനിക്കുമെന്നും വിജയ രാഘവൻ പറഞ്ഞു.
ജയിലിലുള്ള സ്വപ്‌ന സുരേഷിന്‍റെ ശബ്ദരേഖ പുറത്ത് വന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു. ആന്തൂർ മുൻസിപ്പാലിറ്റിയിൽ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കുന്നത് പതിവാണ്. ഇതിനെതിരെ എല്ലായ്‌പ്പോഴും പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കാറുണ്ടെന്നും വിജയരാഘവൻ പറഞ്ഞു.