തിരുവനന്തപുരം: തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതാൻ വിദ്യാർഥികൾക്കൊപ്പമെത്തിയ 600 രക്ഷിതാക്കൾക്കെതിരെ കേസെടുത്ത പൊലീസ് നടപടി വിവാദത്തിൽ. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പരീക്ഷ കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടം കൂടിയതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. മ്യൂസിയം, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിൽ 300 പേർക്കെതിരെ വീതമാണ് കേസെടുത്തത്. പട്ടം സെൻ്റ് മേരീസ് സ്കൂൾ, കോട്ടൺഹിൽ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എന്നിവിടങ്ങളിലെത്തിയ രക്ഷിതാക്കളാണ് കേസിൽ പെട്ടത്.
പൊലീസ് നടപടിക്കെതിരെ ശശി തരൂർ എം.പി രംഗത്തു വന്നിരുന്നു. ജനത്തിരക്ക് ഒഴിവാക്കാൻ സർക്കാർ കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചില്ല. സർക്കാരിന്‍റെ കഴിവില്ലായ്മ മറയ്ക്കാൻ പൗരന്മാർക്കെതിരെ തിരിയുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കേസ് പിൻവലിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. പരീക്ഷയെഴുതിയ വിദ്യാർഥികളുടെ പേരും മേൽവിലാസവും ആവശ്യപ്പെട്ടത് തികച്ചും പ്രകോപനപരമാണെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ നേരത്തെ മുഖ്യമന്ത്രിയ്ക്ക് കത്തും നൽകിയിരുന്നു. കൊവിഡ് വ്യാപിക്കുന്ന സമയത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം അവഗണിച്ചാണ് സർക്കാർ മുന്നോട്ട് പോയതെന്നാണ് ആക്ഷേപം.
തിരുവനന്തപുരത്ത് പരീക്ഷയെഴുതിയ നാല് വിദ്യാർഥികൾക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്.