തിരുവനന്തപുരം : മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചയില്‍ സന്തോഷം പങ്കുവച്ച് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് ബാവ. കേരളത്തിലെ ക്രൈസ്തവര്‍ക്കും പൊതുസമൂഹത്തിനും സന്ദര്‍ശനത്തില്‍ ഏറെ പ്രതീക്ഷയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവയ്ക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കര്‍ദ്ദിനാളിനെ സന്ദര്‍ശിച്ചപ്പോഴായിരുന്നു പ്രതികരണം.
ALSO READ:ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി
നരേന്ദ്രമോദി ക്രൈസ്തവസമൂഹത്തിന്‍റെ നേതൃസ്ഥാനത്തിരിക്കുന്ന മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് സന്തോഷകരമാണ്. നല്ല മനസുള്ള എല്ലാവര്‍ക്കും നല്ല ചിന്തകള്‍ നല്‍കുന്ന കൂടിക്കാഴ്ചയാണിത്. അതിന്‍റെ ഗുണം വരുംദിവസങ്ങളില്‍ എല്ലാവര്‍ക്കും വരട്ടേയെന്ന് പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മാര്‍പാപ്പയെ സന്ദര്‍ശിച്ചത് ലോകം മുഴുവന്‍ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയതെന്ന് കെ.സുരേന്ദ്രന്‍ അവകാശപ്പെട്ടു. ലോകം മുഴുവനുമുള്ള വിശ്വാസികള്‍ക്കും പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവ വിശ്വാസികള്‍ക്കും ഇത് ഏറെ സന്തോഷകരമാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം വിശ്വാസി സമൂഹത്തിന് കൂടുതല്‍ ഐക്യവും ആത്മവിശ്വാസവും നല്‍കും. ഈ സന്ദര്‍ശനം കേരളത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.