തിരുവനന്തപുരം: ബിഷപ്പുമാർക്കെതിരായ സജി ചെറിയാന്‍റെ പ്രസ്‌താവനക്കെതിരെ കർദിനാൾ ക്ളീമിസ് ബാവ (Cardinal Cleemis On Saji Cherian's Controversial Statement about Bishops). സജി ചെറിയാന്‍റേത് നിരുത്തരവാദപരമായ പ്രസ്‌താവനയെന്ന് കർദിനാൾ ക്ളീമിസ് ബാവ വിമർശിച്ചു. ഭരണാധികാരികൾ പൊതുതലവന്മാരാണ്. പലപ്പോഴും സഭ അധ്യക്ഷന്മാരെ വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നവകേരള സദസിലും വിളിച്ചിട്ടുണ്ട്. സജി ചെറിയാന്‍റേത് നിരുത്തരവാദപരമായ പ്രസ്‌താവനയാണെന്നും വിഷയം വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാൻ (Saji Cherian) പ്രസ്‌താവന പിൻവലിക്കണം. അതുവരെ സർക്കാരുമായുള്ള ഗുണപരമായ പൊതുസമീപനത്തിൽ നിന്ന് വിട്ടുനിൽക്കും. നാളെ മുഖ്യമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്‌ചയിൽ എല്ലാ വിഷയങ്ങളും ചർച്ചയാകുമോയെന്നും അദ്ദേഹം ചോദിച്ചു.
മണിപ്പൂർ വിഷയം ഉയർത്തിയില്ലെന്ന വിമർശനത്തിൽ മറുപടി സർക്കാരിന്‍റെ നിലപാടാണോ എന്ന് സജി ചെറിയാൻ തന്നെ വെളിപ്പെടുത്തണം. സാംസ്‌കാരിക വകുപ്പ് മന്ത്രി കാര്യത്തിന്‍റെ ഗൗരവം മനസിലാക്കണം. അതാണ് കെസിബിസിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച വിരുന്നിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് 'ഇനിയും മണിക്കൂറുകളുണ്ടല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്‌മസ് വിരുന്നിൽ ക്രൈസ്‌തവ മേലധ്യക്ഷന്മാർ പങ്കെടുത്തതിനെയായിരുന്നു മന്ത്രി സജി ചെറിയാൻ വിമർശിച്ചത്. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റും കേക്ക് കഴിച്ചപ്പോൾ മണിപ്പുർ വിഷയം മറന്നു എന്നുമായിരുന്നു സജി ചെറിയാൻ പറഞ്ഞത്. സജി ചെറിയാന്‍റെ ഈ പരാമർശം വലിയ വിവാദത്തിലേക്ക് നയിക്കുകയായിരുന്നു.
ബിഷപ്പുമാര്‍ക്കെതിരായ മന്ത്രിയുടെ പരാമര്‍ശത്തെ ദീപിക ദിനപത്രവും രൂക്ഷമായി വിമർശിച്ചു. ക്രൈസ്‌തവ സഭ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ മന്ത്രിമാര്‍ എന്തും വിളിച്ച് പറയുന്നു. ഇത്തരത്തില്‍ ആക്ഷേപം നടത്താന്‍ മന്ത്രിമാര്‍ അടക്കമുള്ള ഇടത് നേതാക്കളും മുഖ്യമന്ത്രി അടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് (Deepika Editorial Against Saji Cherian). ഇത്തരം നടപടികള്‍ നേതാക്കളുടെ സ്ഥാനത്തിന്‍റെ മഹിമയ്‌ക്ക് ചേര്‍ന്നതല്ലെന്നും പത്രത്തിൽ വിമർശനുമുണ്ട്.
സജി ചെറിയാന്‍റെ പ്രസ്‌താവനക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു. ബിഷപ്പുമാരെ അവഹേളിച്ചത് കേരളത്തെ അധിക്ഷേപിച്ചതിന് തുല്യമാണെന്നാണ് വി മുരളീധരന്‍ പറഞ്ഞത്. പിണറായി വിജയനെ പുകഴ്‌ത്തിയപ്പോള്‍ വി എന്‍ വാസവന് പുതിയ വകുപ്പ് ലഭിച്ചു. ഇത് മനസില്‍ കണ്ടാണ് സജി ചെറിയാന്‍ ബിഷപ്പുമാരെ അധിക്ഷേപിച്ചതെന്നും വിഷയത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനത്തിലൂടെ ക്രിസ്‌ത്യന്‍ സമൂഹത്തോടുള്ള നിലപാട് വ്യക്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ബിഷപ്പുമാരെ അപമാനിക്കുന്ന തരത്തില്‍ പ്രസ്‌താവന നടത്തിയ മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എയും പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ പദപ്രയോഗം മന്ത്രി സ്ഥാനത്തിന് ചേര്‍ന്നതല്ലെന്നും എംഎല്‍എ കൂട്ടിച്ചേർത്തിരുന്നു.
Also read: 'നാക്ക് പിഴയല്ല, സജി ചെറിയാൻ പറഞ്ഞത് വിശേഷണം'; ബിഷപ്പുമാർക്കെതിരായ പരാമർശത്തിൽ എംവി ഗോവിന്ദൻ