തിരുവനന്തപുരം : അർബുദ ബാധിതർക്ക് കൈത്താങ്ങാകാൻ ക്യാന്‍സര്‍ അതിജീവിതയുടെ ബോട്ടിൽ പെയിൻ്റിങ്. തിരുവനന്തപുരം സ്വദേശിനി റാസി സലിം തൻ്റെ എൺപതോളം ബോട്ടിൽ പെയിൻ്റിങ്ങുകൾ കനകക്കുന്നിൽ നടക്കുന്ന ദേശീയ കുടുംബശ്രീ സരസ് മേളയിൽ പ്രദർശനത്തിനും വിൽപനയ്ക്കുമായി എത്തിച്ചിരിക്കുകയാണ്. വിറ്റുകിട്ടുന്ന പണം നിർധനരായ അർബുദ രോഗികളുടെ ചികിത്സ ചെലവിലേക്ക് സംഭാവന ചെയ്യുകയാണ് ലക്ഷ്യം.
അധ്യാപികയായ റാസി, ഭർത്താവ് സലീമിനും മക്കൾക്കുമൊപ്പം 20 വർഷത്തോളം വിദേശത്തായിരുന്നു. അർബുദ രോഗത്തെ തുടർന്ന് നാട്ടിൽ തിരിച്ചെത്തിയ റാസി തൻ്റെ ചികിത്സാക്കാലത്ത് വിഷാദാവസ്ഥയിലേക്കെത്തിയിരുന്നു. കൊവിഡ് കാലത്തെ സാമൂഹികാവസ്ഥയും ഇതിന് വഴിവച്ചു.
ഇതോടെയാണ് പെയിൻ്റിങ്ങിലേക്ക് തിരിഞ്ഞത്. ക്യാൻവാസിലും ബോട്ടിലിലും വരച്ച ചിത്രങ്ങൾ ഫേസ്ബുക്കിലിട്ടപ്പോൾ മികച്ച പിന്തുണയാണ് ലഭിച്ചത്. വരയ്ക്കാനും ബോട്ടിലുകൾ എത്തിച്ചുകൊടുക്കാനും സുഹൃത്തുക്കൾ സഹായിച്ചതോടെ ഇത് ഗൗരവമായെടുത്തു.
സരസ് മേളയിൽ പെയിൻ്റിങ്ങുകൾ വിറ്റുകിട്ടുന്ന തുക ചെറുതായാലും അത് നിർധന അർബുദ രോഗികൾക്ക് എത്തിച്ചുകൊടുക്കുമെന്ന് റാസി ഇടിവി ഭാരതിനോട് പറഞ്ഞു. രോഗാവസ്ഥയിൽ തുടരുന്നവർ തങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ നിലനിർത്തുന്നതും കഴിവുകൾ വികസിപ്പിക്കുന്നതും ചികിത്സയ്ക്ക് ഏറെ സഹായകരമാകുമെന്നും റാസി ചൂണ്ടിക്കാട്ടുന്നു.