തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. പരിസ്ഥിതിലോല മേഖല നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാര്‍ക്കുകളുടെയും വന്യജീവി സങ്കേതങ്ങളുടെയും പുറത്ത് ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോല മേഖലയായിരിക്കുമെന്ന സുപ്രീംകോടതി വിധി സംബന്ധിച്ച വിഷയത്തിലാണ് സുധാകരന്‍റെ പ്രതികരണം.
സംരക്ഷിത വനമേഖലയ്‌ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് 2019 ഒക്‌ടോബര്‍ 23 ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇത് മറച്ചുവച്ചാണ് മുഖ്യമന്ത്രിയും വനംമന്ത്രിയും പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ജനങ്ങളെ വിഡ്‌ഢികളാക്കുന്ന അവസരവാദ നിലപാടുകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പശ്ചിമഘട്ട പ്രദേശങ്ങളിലുണ്ടായ ശക്തമായ എതിര്‍പ്പും പ്രതിഷേധവും തിരിച്ചറിഞ്ഞാണ് സി.പി.എമ്മും, സര്‍ക്കാരും, എല്‍.ഡി.എഫും ഇപ്പോള്‍ മുന്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്.
ALSO READ| ബഫര്‍ സോണ്‍ സുപ്രീം കോടതി ഉത്തരവ്: ഇടുക്കിയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം
വന വിസ്‌തൃതിയില്‍ മുന്‍പില്‍ നില്‍ക്കുന്ന കേരളത്തില്‍ വന്യമൃഗ ശല്യം ഇപ്പോള്‍ തന്നെ ഒരു ജീവല്‍ പ്രശ്‌നമായി മാറിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വനനിയമങ്ങള്‍ വ്യാപിക്കുന്നത് കര്‍ഷകരെയും ഇവിടങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരെയും വികസന പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം ഈ മേഖലയിലെ ജനങ്ങളുടെ ജീവനോപാധിയും സുരക്ഷയും നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.