തിരുവനന്തപുരം: ബഫര്‍ സോണ്‍ വിദഗ്‌ധ സമിതി റിപ്പോര്‍ട്ട് കൈമാറി. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്‌ണന്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കാണ് കൈമാറിയത്. സര്‍ക്കാര്‍ നിയോഗിച്ച അംഞ്ചംഗ സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ബഫര്‍ സോണിലെ സ്ഥിതിവിവര കണക്കാണ് വിദഗ്‌ധ സമിതി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പഠിച്ചതിന് ശേഷം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനവാസ കേന്ദ്രങ്ങളുടെ സ്ഥിതിവിവര കണക്കുകളാണ് വിദഗ്‌ധ സമിതി ശേഖരിച്ചത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായ ടെക്‌നിക്കല്‍ കമ്മിറ്റി: സംസ്ഥാനത്തെ 11 സംരക്ഷിത വനമേഖലകള്‍ സമിതി സന്ദര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ചീഫ് സെക്രട്ടറി അധ്യക്ഷനായ ടെക്‌നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. 2022 സെപ്റ്റംബറിലായിരുന്നു സര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ വിവരശേഖരണത്തിനായി നിയോഗിച്ചത്.
സമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ഫീല്‍ഡ് പരിശോധനയും ജനങ്ങളില്‍ നിന്നും നേരിട്ട് പരാതികള്‍ ശേഖരിച്ചുമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ബഫര്‍ സോണ്‍ നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ സുപ്രീം കോടതിയെ ധരിപ്പിക്കാന്‍ സമിതിയുടെ റിപ്പോര്‍ട്ട് വഴി കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ.
ALSO READ: ബഫര്‍ സോണ്‍: പ്രതിഷേധം ശക്തമാക്കാന്‍ സമരസമിതി, 27നകം ഉചിതമായ തീരുമാനം ഉണ്ടാകണമെന്നാവശ്യം
ജനുവരിയില്‍ ബഫര്‍ സോണ്‍ മേഖലയിലെ ജനവാസകേന്ദ്രങ്ങളെ കുറിച്ചുള്ള ഉപഗ്രഹ സര്‍വേ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ നിലപാട്. സ്‌കൂളുകള്‍, പൊതുഇടങ്ങള്‍, വീടുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ എന്നിവയുടെ മുഴുവന്‍ വിവരങ്ങളും വിദഗ്‌ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
ഉപഗ്രഹ സര്‍വേയില്‍ കര്‍ഷകരുടെ പ്രതിഷേധം: മുന്‍പ് ഉപഗ്രഹ സര്‍വേയുടെ റിപ്പോര്‍ട്ട് ഏറെ വൈകി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത് മലയോര കര്‍ഷകരുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോര്‍ വിദഗ്‌ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്കായി സര്‍ക്കാരിന്‍റെ വെബ്‌സൈറ്റിലും പ്രസിദ്ധപ്പെടുത്താനാണ് സാധ്യത.
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളെ ബഫര്‍ സോണാക്കി മാറ്റണമെന്ന് 2011ലായിരുന്നു സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നത്. ദേശീയ ഉദ്യാനങ്ങളും ഈ വിഭാഗത്തില്‍ സുപ്രീം കോടതി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സര്‍വേ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തില്‍ സുപ്രീം കോടതി നല്‍കുകയായിരുന്നു.
ബഫര്‍ സോണില്‍ ഉയരുന്ന ജനരോഷം: 2019 ല്‍ സംസ്ഥാനത്തെ സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം സംരക്ഷിത മേഖലയാക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ജനരോഷം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു. പിന്നീട് സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റിവ്യു ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
വിഷയത്തില്‍ വനം മന്ത്രിയുടെ അധ്യക്ഷതയില്‍ മൂന്ന് തവണയായിരുന്നു അവലോകന യോഗം ചേര്‍ന്നത്. യോഗത്തിലാണ് സംസ്ഥാനത്തെ 23 സംരക്ഷിത വനപ്രദേശങ്ങളില്‍ പഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.