തിരുവനന്തപുരം: ലോക്ക്ഡൗണിൽ വീട്ടിൽ അകപ്പെട്ടുപോയ വിദ്യാർഥികളായ സഹോദരങ്ങളുടെ ഷോർട്ട് ഫിലിമുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. നെടുമങ്ങാട് പനയ്‌ക്കോട് വി.കെ.കാണി ഗവൺമെന്‍റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ കാശിനാഥും മൂന്നാം ക്ലാസ് വിദ്യാർഥിനിയായ അളകനന്ദയുമാണ് സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വചിത്രങ്ങൾ നിർമ്മിച്ച് ശ്രദ്ധേയമാകുന്നത്.
ലോക്ക്ഡൗൺ വിരസത അകറ്റാനാണ് കാശിനാഥും അളകനന്ദയും ഹ്രസ്വചിത്ര നിർമാണം ആരംഭിച്ചത്. അച്ഛന്‍റെ മൊബൈൽ ഫോൺ ഉപയോഗിച്ച് അളകനന്ദയെ നായികയാക്കി അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളാണ് കാശിനാഥ് നിർമിക്കുന്നത്. ഇവർ നിർമ്മിച്ച അമ്മുവിന്‍റെ സ്വപ്നം, മിറർ എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധേയമാണ്.
ALSO READ: പൊലീസുകാര്‍ക്ക് ആദരവോടെ ഒരു ചായസല്‍ക്കാരം; മാതൃകയായി ദമ്പതികള്‍
മൊബൈൽ ഫോണിലെ ആപ്പ് ഉപയോഗിച്ച് കാശിനാഥ് തന്നെയാണ് ഇവ എഡിറ്റ് ചെയ്യുന്നത്. തുടർന്ന് അവ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യും. പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ആയതിനാൽ വീടും പരിസരവും തന്നെയാണ് ഇവർ ലൊക്കേഷനായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഫേസ്ബുക്കിൽ കിട്ടുന്ന കമന്‍റുകളും ലൈക്കുകളുമാണ് ഇവരുടെ ഏറ്റവും വലിയ പ്രചേദനം. മാറ്റങ്ങൾ കൊതിക്കുന്ന മനസുകൾക്ക് ഉടമയായ ഈ കുരുന്നുകൾക്ക് ഇനിയും കൂടുതൽ നന്മയുള്ള ചിത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
പ്രശസ്ത മിമിക്രി താരമായ പനയ്‌ക്കോട് നട്ടുവൻ കാവിൽ സിനുസാഗർ, രജനി ദമ്പതികളുടെ മക്കളാണ് കാശിനാഥും അളകനന്ദയും.