തിരുവനന്തപുരം: ഡിവൈഎഫ്ഐ സംഘടിപ്പിച്ച ബിബിസി വിവാദ ഡോക്യുമെന്‍ററി 'ഇന്ത്യ- ദി മോഡി ക്വസ്റ്റ്യന്‍റെ' പ്രദർശന വേളയിൽ യുവമോർച്ച സംഘർഷം. പ്രദർശനം കാണാൻ എത്തിയ പ്രവർത്തകരുടെ വാഹനങ്ങൾ അടക്കം യുവമോർച്ച പ്രവർത്തകർ ആക്രമിച്ചു. പ്രദർശനം തടയാൻ എത്തിയ യുവമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തിരുവനന്തപുരം പൂജപ്പുര ഗ്രൗണ്ടിലാണ് വൈകുന്നേരം ആറ് മണിയോടെ ഡിവൈഎഫ്ഐ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനു പിന്നാലെ പ്രദർശനം തടയുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചിരുന്നു. യുവമോർച്ച ഡിവൈഎഫ്ഐ സംഘർഷം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ വൻ പൊലീസ് സന്നഹമായിരുന്നു സംഭവ സ്ഥലത്ത് സാന്നിധ്യം ഉറപ്പിച്ചിരുന്നത്.
പ്രതിഷേധവുമായി എത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞെങ്കിലും സംഘർഷവും മുദ്രാവാക്യവുമായി യുവമോർച്ച പ്രവർത്തകർ സ്ഥലത്ത് സംഘർഷ സാധ്യത ഉണ്ടാക്കുകയായിരുന്നു പിന്നാലെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംഭവ സ്ഥലത്ത് യുവ മോർച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഏറെ നേരം സംഘർഷം നടന്നു. രാജ്യത്ത് ഡോക്യുമെന്‍ററിയുടെ മേൽ വിവാദങ്ങളും ചർച്ചകളും ഉണ്ടാവുകയും ബാൻ ചെയ്യുകയും ചെയ്‌തതിന് പിന്നാലെ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് എന്നീ സംഘടനകൾ സംസ്ഥാനത്തുടനീളം ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു.
പിന്നാലെ സംസ്ഥാനത്തെ ആദ്യ പൊതു പ്രദർശനം ഇന്നലെ തിരുവനന്തപുരം പൂജപ്പുര ഗ്രൗണ്ടിൽ ഉണ്ടാകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചത്. തുടര്‍ന്ന് പ്രദർശനം തടയുമെന്ന് യുവമോർച്ചയും പ്രഖ്യാപിച്ചു. വാഹനങ്ങൾ വഴി തിരിച്ച് വിട്ടും ബാരികേഡുകള്‍ വച്ചുമാണ് പൊലീസ് സുരക്ഷ സംവിധാനം ഒരുക്കിയത്. ബാരിക്കേഡുകള്‍ക്ക് മുകളിൽ കയറി പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് രണ്ടുതവണ ജലപീരങ്കി ഉപയോഗിച്ചു.
സ്‌ത്രീകളും പുരുഷന്മാരും അടക്കം നിരവധി ആളുകൾ ആയിരുന്നു പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കാൻ എത്തിയത്. രാത്രിയോളം നീണ്ട പ്രതിഷേധ പ്രകടനം ബിജെപി ജില്ല പ്രസിഡന്‍റ് വി വി രാജേഷ് ഉദ്ഘാടനം ചെയ്‌തു. പൊലീസിന്‍റെ സഹായമില്ലാതെ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് തിരുവനന്തപുരത്ത് പ്രദർശനം നടത്താൻ സാധിക്കില്ലെന്നും ബിജെപിയെ തുരത്താൻ കഴിയുമെന്ന് പ്രഖ്യാപിച്ച പി എഫ് ഐ പ്രവർത്തകരുടെ വീടും സ്ഥലവും ഒറ്റരാത്രികൊണ്ട് ഇടതുപക്ഷ സർക്കാരിനെ കൊണ്ട് തന്നെ തന്നെ ജപ്‌തി ചെയ്യിക്കുവാന്‍ സാധിക്കുന്ന പ്രസ്ഥാനമാണിതെന്നും വി വി രാജേഷ് പറഞ്ഞു.
അതേസമയം ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പൂജപ്പുരയിൽ ഡോക്യുമെന്‍ററി പ്രദർശനവും നടത്തി.