തിരുവനന്തപുരം: ജില്ലയിൽ ബുധനാഴ്‌ച വരെ മത്സ്യ ബന്ധനത്തിന് നിരോധനം. ജില്ലയിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന കാലവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് ജില്ലാ കലക്‌ടറുടെ ഉത്തരവ്. അതിനിടെ ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.
നെയ്യാർ ഡാമിന്‍റെ നാല് ഷട്ടറുകളും അരുവിക്കര ഡാമിന്‍റെ മൂന്നും പേപ്പാറ ഡാമിന്‍റെ രണ്ടു ഷട്ടറുകളും ഉയർത്തി. ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റി പാർപ്പിച്ചു. കടൽക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് 24 പേരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 5875 ഹെക്ടർ കൃഷിയാണ് കനത്ത മഴയിൽ നശിച്ചത്.