തിരുവനന്തപുരം : ബാലരാമപുരം കൈത്തറി മുഖ്യ വിഷയമാക്കിയുള്ള ഡോക്യുമെന്‍ററിയുടെ ചിത്രീകരണം ആരംഭിച്ചു. ഫാഷൻ ഡിസൈനറും മൂവി മേക്കറുമായ സഞ്ജന ജോണാണ് ഡോക്യുമെന്‍ററി ഒരുക്കുന്നത്. കൈത്തറി ഉത്പന്നങ്ങള്‍ കേരളത്തിലേക്ക് എത്താനുള്ള സാഹചര്യം, കേരള രാജ വംശവുമായുള്ള ബന്ധം എന്നിവയാണ് ഡോക്യുമെന്‍ററി പ്രധാനമായും വിഷയമാക്കുന്നത്.
കൈത്തറിക്ക് മുമ്പുണ്ടായിരുന്ന പ്രൗഢിയും, അത് തിരികെയെത്തിക്കാനുള്ള രൂപരേഖയും ഉൾപ്പടെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് തന്‍റെ ഡോക്യുമെന്‍ററി ഒരുങ്ങുന്നതെന്ന് ഡോ. സഞ്ജന ജോണ്‍ പറഞ്ഞു. കൈത്തറി രംഗം വളരെയേറെ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. ഇത്തരത്തിൽ മികച്ച രീതിയിൽ ഉത്പന്നം ഉണ്ടാക്കുന്ന നെയ്ത്തുകാര്‍ ഇനിയും ചൂഷണത്തിന് ഇരകളാകരുത്.
അവർക്ക് അർഹമായ പ്രതിഫലം ലഭിച്ച് ഈ സംരംഭം ഇനിയും മികച്ച രീതിയിൽ തുടരണമെന്നും സഞ്ജന പ്രതികരിച്ചു. നിലവിൽ ഉള്ള നെയ്ത്ത് ശൈലി മാറ്റി, ലോക പ്രശസ്ത രീതിയിലേക്ക് എന്തെല്ലാം ഉത്പന്നങ്ങള്‍ നെയ്ത്തിലൂടെ നിർമിക്കാം, അതിന് എങ്ങനെ ലോക വിപണി ഉണ്ടാക്കാം എന്നത് ഉൾപ്പടെ ഇവർക്ക് മനസിലാക്കി കൊടുക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും സഞ്ജന അറിയിച്ചു.
ALSO READ സുവര്‍ണ ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു
ഓസ്കാറിലേക്ക് പ്രത്യേകമായി ഉത്പന്നങ്ങള്‍ നിർമിച്ച് അവതരിപ്പിക്കാനും പ്രദർശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ലോകത്ത് വിവിധ സ്ഥലങ്ങളിൽ ഉള്ളവർ ഓസ്കാർ വേദിയിൽ എത്തുമ്പോൾ, അവരുടെ രാജ്യങ്ങളിലും ഇതിന് വിപണന സാധ്യത ഉണ്ടാകും. തലമുറകളായി ഈ കല ചെയ്യുന്നവർക്ക് വേണ്ട പരിഗണന ഉണ്ടാകണം.
നിലവിലുള്ള ബാലരാമപുരം മുണ്ട്, സാരി എന്നിവ വിദേശ രാജ്യങ്ങളിൽ ഉള്ളവർ ഉപയോഗിക്കുന്നതല്ല. അവരുടെ വസ്ത്ര രീതിക്ക് അനുസൃതമായുള്ള മാറ്റങ്ങൾ ഇവിടെയുള്ളവരെ പഠിപ്പിച്ച് ലോക വിപണി നേടുകയാണ് ലക്ഷ്യമെന്നും സഞ്ജന പറഞ്ഞു. കൊവിഡ് കാലത്ത് ഉപജീവനം മുട്ടിയ ബാലരാമപുരം കൈത്തറി മേഖലയിലുള്ളവരുടെ പുനരുദ്ധാരണത്തിന് സിസ്സയുമായി ചേർന്ന് നിരവധി പരിപാടികൾ നടത്തിവരുകയാണെന്ന് ചിത്രീകരണ ലൊക്കേഷനിലെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനും പറഞ്ഞു.
ALSO READ കുഞ്ഞിനെ കൊന്നതിന് 'പ്രതികാരം'; 250ലേറെ നായ്‌ക്കുട്ടികളെ കൊന്നൊടുക്കി കുരങ്ങ് കൂട്ടം
പുതിയ തലമുറ നെയ്ത്തിലേക്ക് വരുന്നതിൽ വിമുഖത കാട്ടുകയാണ്. അത് മാറ്റിയെടുക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം വികസനത്തിന്റെ പാതയിലാണ്. ആ സാധ്യതകൾ എല്ലാം ബാലരാമപുരം കൈത്തറിയുടെ വികസനത്തിന് കൂടെ പര്യാപ്തമാക്കുകയാണ് ലക്ഷ്യം. നബാർഡിന്‍റെ സഹായത്തോടെ കൂടുതൽ മികച്ച പദ്ധതികൾ നടപ്പിലാക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.