തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് അച്ഛന്‍റെയും അമ്മയുടെയും മൊഴി രേഖപ്പടുത്തും. ബാലഭാസ്‌കറിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ സി.കെ ഉണ്ണി നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സ്വർണക്കടത്ത് കേസിൽ പ്രതിയായ മുൻ മാനേജർ പ്രകാശൻ തമ്പി, വിഷ്ണു എന്നിവർക്കെതിരെ അച്ഛൻ പരാതി ഉന്നയിച്ചിരുന്നു. ബാലഭാസ്‌കറിന്‍റെ സമ്പാദ്യം പലരും തട്ടിയെടുത്തതായും ആരോപിച്ചിരുന്നു.
പാലക്കാട് ആയുർവേദ ആശുപത്രി നടത്തുന്ന ഡോക്ടർ ദമ്പതിമാരേയും അച്ഛൻ നൽകിയ മൊഴിയിൽ പരാമർശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ സിബിഐ സംഘം വിശദമായ മൊഴിയെടുക്കും. കഴിഞ്ഞദിവസം ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മിയുടെയും ഭാര്യസഹോദരൻ പ്രസാദിന്‍റെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. വാഹനം ഓടിച്ചത് ഡ്രൈവറായ അർജുൻ ആണെന്നാണ് ലക്ഷ്‌മി നേരത്തെ മൊഴി നൽകിയിരുന്നത്. സിബിഐ സംഘത്തിന് മുന്നിലും ലക്ഷ്‌മി മൊഴി ആവർത്തിച്ചു. സ്വർണക്കടത്ത് പോലെയുള്ള സംഭവങ്ങൾ സംബന്ധിച്ച് അറിവില്ല. മാനേജറായിരുന്ന പ്രകാശൻ തമ്പിയെ സംബന്ധിച്ച് കൂടുതൽ അറിയില്ല. ജോലിസംബന്ധിച്ചുള്ള ബന്ധം മാത്രമാണ് ബാലഭാസ്കറിന് പ്രകാശൻ തമ്പിയുമായി ഉണ്ടായിരുന്നതെന്നും മൊഴിയിൽ പറയുന്നുണ്ട്.
സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പരാതിക്കാരൻ ലക്ഷ്‌മിയുടെ സഹോദരൻ പ്രസാദാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ സംഘം പ്രസാദിന്‍റെ മൊഴി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ സിബിഐ സംഘം ബാലഭാസ്‌കറിന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. ബാലഭാസ്ക്കറിന്‍റെ മരണം സംബന്ധിച്ച ദുരൂഹത ആരോപിച്ച് മൊഴി നൽകിയ കലാഭവൻ സോബിയെ വിശദമായി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം.