തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണത്തില്‍ സിബിഐ സംഘം വാഹനാപകടസ്ഥലത്ത് തെളിവെടുപ്പ് നടത്തി. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് തെളിവെടുപ്പ് നടത്തുന്നത്. അപകടം നടന്ന സ്ഥലത്തിന് ഒരു കിലോമീറ്റർ മുമ്പുള്ള പെട്രോൾ പമ്പിൽ വച്ച് അന്വേഷണ സംഘം അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച കലാഭവൻ സോബിയുടെ മൊഴി രേഖപ്പെടുത്തി. അപകടത്തിന് മുമ്പ് ബാലഭാസ്കറിനെ ഒരു സംഘം അക്രമിച്ച് കൊലപ്പെടുത്തിയെന്നും പിന്നീടാണ് വാഹനാപകടം നടത്തിയതെന്നും സോബി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ഇതിൽ ഉറച്ചു നിൽക്കുന്നതായും ശാസ്ത്രീയ പരിശോധന ഉൾപ്പടെയുള്ള പരിശോധനക്ക് തയ്യാറാണെന്നും സോബി സിബിഐയെ അറിയിച്ചു. മൊഴിയിൽ വ്യക്തത വരുത്താനാണ് അപകടസ്ഥലത്ത് പരിശോധന നടത്തുമ്പോൾ സോബിയോടും ഹാജരാകാൻ സിബിഐ നിർദേശിച്ചത്.
കൊച്ചിയിൽ നിന്നും തിരുനെൽവേലിക്ക് പോകുന്ന വഴിയിൽ താൻ മംഗലപുരം പമ്പിനകത്ത് വിശ്രമിക്കുമ്പോൾ റ്റാറ്റാ സുമോ കാറിലെത്തിയ സംഘം ബാലഭാസ്‌കറിന്‍റെ വാഹനത്തിന് നേരെ ആക്രമണം നടത്തിയെന്നാണ് സോബിയുടെ മൊഴി. ബാലഭാസ്‌കറിന്‍റെ നീല ഇന്നോവ കാർ പമ്പിന് മുന്നിൽ നിർത്തിയപ്പോൾ, അക്രമികൾ വാഹനത്തിന്‍റെ ഗ്ലാസ് അടിച്ച് തകർത്തു. തുടർന്ന്, ഇന്നോവ കാർ മുന്നോട്ടു പോകുന്നതായി കണ്ടെന്നും കലാഭവൻ സോബി അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു.