തിരുവനന്തപുരം: ആറ്റുകാൽ ഉത്സവത്തിന്‍റെ ഏഴാം ദിവസമായ നാളെ നട തുറക്കുക കാലത്ത് ഏഴുമണിക്ക്. 45 ലക്ഷത്തോളം ഭക്തരാണ് ഇത്തവണ പൊങ്കാലയിൽ പങ്കെടുക്കുന്നതെന്നാണ് ഔദ്യോഗിക കണക്ക്. 2020ൽ അവസാനമായി നടന്ന പൊങ്കാലയിലെ തിരക്കിന്‍റെ 40 ശതമാനം തിരക്ക് വർധനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
പൊങ്കാല ഇത്തവണ: ഇതവണത്തെ പൊങ്കാലയ്ക്ക് തന്ത്രി ബ്രഹ്മശ്രീ തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി ബ്രഹ്മശ്രീ പി.കേശവൻ നമ്പൂതിരിക്ക് കൈമാറും. മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലും വലിയ തിടപ്പിള്ളിയിലെ പൊങ്കാല അടുപ്പിലെ തീ പകർന്ന ശേഷം ദീപം സഹമേൽശാന്തിക്ക് കൈമാറും. ശേഷം സഹമേൽശാന്തി പണ്ടാര അടുപ്പിലേക്ക് തീ പകർന്നായിരിക്കും ഇതവണത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തിരിതെളിയുക.
സുരക്ഷയൊരുക്കി പൊലീസ്: 3500ഓളം പൊലീസുകാരെയാണ് സുരക്ഷ ചുമതലകൾക്കായി നിയോഗിച്ചിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാനും ഉത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനുമായി നഗരസഭ നല്ല രീതിയിലാണ് സഹകരിക്കുന്നത്. പൊങ്കാലയ്ക്കായി ആരോഗ്യ വകുപ്പും പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല തിരക്ക് നിയന്ത്രിക്കാനും ഉത്സവത്തിന്‍റെ സുഗമമായ നടത്തിപ്പിനുമായി നഗരസഭ നല്ല രീതിയിലാണ് സഹകരിക്കുന്നത്.
ആരോഗ്യത്തിന് മുന്‍ഗണന: പൊങ്കാലയ്ക്കായി ആരോഗ്യ വകുപ്പും പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിച്ചിട്ടുണ്ട്. ആംബുലൻസ് സേവനം ഉൾപ്പെടെ 10 മെഡിക്കൽ ടീമുകളെയാണ് നിയോഗിക്കുന്നത്. പുലർച്ചെ അഞ്ച് മുതൽ മെഡിക്കൽ ടീമുകളുടെ സേവനം ലഭ്യമാക്കും. ആംബുലൻസുകളുടെയും സുരക്ഷ സംവിധാനങ്ങളുടെ സുഗമമായ യാത്രയ്ക്കായി പ്രത്യേക പാത തയ്യാറാക്കും. കൂടാതെ ഈ വഴിയിൽ പൊങ്കാലയ്ക്ക് അനുവാദം ഉണ്ടായിരിക്കില്ല.
സര്‍വം സജ്ജം: ആരോഗ്യ വകുപ്പിനോടൊപ്പം ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെയും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക പരിഗണന നല്‍കും. ആയിരകണക്കിന് ഭക്തർക്ക് ക്യു നിൽക്കാനുള്ള സംവിധാനം നടപന്തലിലും പ്രത്യേക പന്തലിലും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ല മെഡിക്കൽ ഓഫീസിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങളിൽ ഡോക്‌ടർ, സ്‌റ്റാഫ് നഴ്‌സ്, നഴ്സിങ് അസിസ്‌റ്റന്‍റ്, ആംബുലൻസ് എന്നിവ ഉൾപ്പെട്ട മെഡിക്കൽ ടീമിന്‍റെ സേവനം ലഭ്യമാക്കും.
കുത്തിയോട്ടത്തിനുള്ള കുട്ടികളുടെ ആരോഗ്യ പരിചരണത്തിനായി രണ്ട് പീഡിയാട്രീഷ്യന്മാരെയും നിയോഗിക്കും. സ്‌റ്റാഫ് നഴ്‌സുമാരുടെ സേവനം മുഴുവൻ സമയവും ലഭ്യമാക്കും. ആയുഷ് വിഭാഗങ്ങളും സേവനം ലഭ്യമാക്കും. പൊങ്കാലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ നഗര പരിധിയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ക്രമീകരിക്കാൻ ഇതിനോടകം തന്നെ നിര്‍ദേശം നൽകിയിട്ടുണ്ട്.
കൊവിഡിലെ പൊങ്കാല: അതേസമയം കൊവിഡ് മൂലം കഴിഞ്ഞ തവണ ആറ്റുകാൽ പൊങ്കാല വീട്ടുമുറ്റങ്ങളായി ആയിരുന്നു നടന്നിരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഏറെയുള്ളതിനാല്‍ ക്ഷേത്ര പരിസരത്തോ സമീപത്തെ റോഡുകളിലോ പൊതു ഇടങ്ങളിലോ പൊങ്കാലയ്‌ക്ക് അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ ആചാരങ്ങള്‍ക്ക് ഭംഗമേല്‍ക്കാതെ തന്നെ വീട്ടുമുറ്റങ്ങളില്‍ ചാണകം തളിച്ചു വീട്ടുമുറ്റം ശുദ്ധമാക്കി അടുപ്പ് കൂട്ടിയുമായിരുന്നു പൊങ്കാല നടന്നത്. ദേവീ സന്നിധിയിലെ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല നടന്നത്. തുടര്‍ന്ന് വീട്ടുമുറ്റങ്ങളിലെ പൊങ്കാലയടുപ്പുകളിലും തീ തെളിയിക്കുകയായിരുന്നു. മാത്രമല്ല ദേവീ സ്‌തുതികളോടെ ഭക്തർ സ്വയം പൊങ്കാല നിവേദിക്കണമെന്നും ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചിരുന്നു.