തിരുവനന്തപുരം: ഏറെ പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിന്‍റെ ആഘോഷത്തിലാണ് തിരുവനന്തപുരം നഗരം. പൊങ്കാല മഹോത്സവത്തിന്‍റെ ഒമ്പതാം നാളായ ചൊവ്വാഴ്ച പൊങ്കാല അടുപ്പ് വയ്ക്കലിനായി കേരളത്തിൽ നിന്ന് വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറമേ നിന്നും നിരവധി ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. രണ്ടുവർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം ആറ്റുകാൽ ഭഗവതിയുടെ മുന്നിൽ നിന്നു തന്നെ പൊങ്കാലയിടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഭക്തജനങ്ങൾ.
രാവിലെയും തലേദിവസങ്ങളിലുമായി വന്ന ആളുകൾ നേരത്തെ ബുക്ക് ചെയ്ത സ്ഥലങ്ങളിൽ പൊങ്കാലയിടുന്നതിനായി കാത്തിരിപ്പാണ്. 50 ലക്ഷത്തിലധികം ആളുകൾ പൊങ്കാലയ്ക്കായി തലസ്ഥാന നഗരിയില്‍ എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രാത്രി വൈകിയും വാഹനങ്ങളിലും ട്രെയിനിലുമായി തിരുവനന്തപുരത്തേക്കാളുകൾ ഒഴുകിക്കൊണ്ടിരിക്കുകയുമാണ്. കൂടാതെ വിവിധ ആഘോഷ കമ്മിറ്റികളുടെയും കൂട്ടായ്മകളുടെയും കീഴിൽ ഉത്സവ കേന്ദ്രങ്ങളിൽ ഗാനമേളയും ദേവിയുടെ ശില്‍പവും പ്രദർശിപ്പിക്കുന്നുണ്ട്. പൊങ്കാലയ്ക്കുള്ള മൺപാത്രങ്ങളും ചേരുവകളും വില്‍പനയും തകൃതിയായി തുടരുന്നു.
സുരക്ഷയും സൗകര്യവും ഒരുക്കി: അതേസമയം ഭക്തജനങ്ങളുടെ സുരക്ഷയ്ക്കും ട്രാഫിക് ഗതാഗതം സുഗമമാക്കാനും പൊലീസ് വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും പ്രത്യേക സംവിധാനങ്ങളും കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. ഉയർന്നുകൊണ്ടിരിക്കുന്ന താപനിലയിലെ ആശങ്ക പരിഹരിക്കാനും നഗരത്തിൽ ഇടയ്ക്കിടെയുണ്ടായ തീ പിടിത്തത്തിനും പിന്നാലെ ആറ്റുകാൽ പൊങ്കാലയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കി അഗ്നി രക്ഷാസേനയും സജീവമായി തന്നെയുണ്ട്.
ഇതുവരെ മറ്റ് സാധാരണ ഉത്സവ ആഘോഷ സീസണുകളിലുണ്ടായിരുന്ന പൊലീസ് വിന്യാസത്തിന് പുറമെ മെഡിക്കൽ വിഭാഗം, ഭക്ഷ്യസുരക്ഷ വിഭാഗം ഉള്‍പ്പടെ ആറ്റുകാൽ ക്ഷേത്രത്തിനു സമീപം പ്രത്യേക കൗണ്ടറുകൾ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് വീഴ്‌ചകൾ ഉയർന്ന് കൊണ്ടിരിക്കെ വൻ ജാഗ്രതയാണ് ഇവരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. പൊങ്കലയുടെ സുഗമമായ നടത്തിപ്പിനായി വാട്ടർ അതോറിറ്റിയും കെഎസ്ആർടിസി തുടങ്ങി മറ്റു വകുപ്പുകളും സജീവമാണ്. കൂടാതെ ഇന്ന് മുതൽ നാളെ രാത്രി വരെ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
റോഡും വെളിച്ചവും ഉള്‍പ്പടെ എല്ലാം റെഡി: പൊങ്കാലയ്‌ക്ക് മുമ്പേ തന്നെ നഗരസഭ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം മേയര്‍ ആര്യ രാജേന്ദ്രന്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചുരുന്നു. 5.16 കോടി രൂപ ചെലവഴിച്ച് സ്‌മാർട്ട് സിറ്റി പദ്ധതിക്ക് കീഴിൽ 10 റോഡുകളും നഗരസഭ നേരിട്ട് 16 റോഡുകളുടെയും പണി പൂർത്തിയാക്കിയിട്ടുണ്ടെന്ന് മേയര്‍ വ്യക്തമാക്കിയിരുന്നു. ആറ്റുകാൽ വാർഡിലെ മുഴുവൻ റോഡുകളിലും അറ്റകുറ്റപണികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും വാർഡിലെ മുഴുവൻ വൈദ്യുതി ലൈനുകളിലും തെരുവുവിളക്കുകളിലും അറ്റകുറ്റപണികൾ പൂർത്തിയായെന്നും മേയര്‍ അറിയിച്ചിരുന്നു. പൊങ്കാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നഗരസഭ അഞ്ചോളം മീറ്റിങ്ങുകള്‍ നടത്തിയിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
കുറ്റം കണ്ടാല്‍ നടപടി: പൊങ്കാലയ്‌ക്ക് ശേഷം പ്രദേശത്തെ ഇഷ്‌ടികകള്‍ പലരും എടുത്തുകൊണ്ടുപോകുന്ന പ്രവണതയും മേയര്‍ സൂചിപ്പിച്ചിരുന്നു. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാക്കുന്ന ഇത്തരം ഇഷ്‌ടികകൾ ശേഖരിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്നു മേയർ അറിയിച്ചു. പൊങ്കാലക്കായുള്ള മണ്‍ കലങ്ങൾ ഉണ്ടാക്കാൻ റെഡ് ഓക്സൈഡ്, ബ്ലാക്ക് ഓക്സൈഡ് എന്നിവ ഉപയോഗിച്ചിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതിനോട് പരിശോധനയുണ്ടാകുമെന്നും അപാകത കണ്ടാല്‍ നടപടിയുണ്ടാകുമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.