തിരുവനന്തപുരം: അടുത്തിടെ രാജ്യം കണ്ട മഹാപ്രളയങ്ങള്‍ക്കെല്ലാം പിന്നില്‍ അന്തരീക്ഷ നദികളാണെന്ന് (അറ്റ്‌മോസ്‌ഫറിക് റിവേര്‍സ്) പഠനം. കരയിലൂടെ ഒഴുകുന്ന നദികള്‍ക്ക് സമാനമായി ആകാശത്തിലൂടെ സഞ്ചരിക്കുന്ന ജല നീരാവികളാണ് അന്തരീക്ഷ നദികളെന്ന പ്രതിഭാസത്തിന് പിന്നിലുള്ളതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗാന്ധിനഗര്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), ശ്രീനഗര്‍ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി), വാഷിങ്‌ടണ്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ കാലാവസ്ഥ ശാസ്‌ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായകമായ ഈ കണ്ടെത്തല്‍.
അന്തരീക്ഷ നദികളെ കുറച്ചുകാണാനാവില്ല: രാജ്യത്ത് 1985 നും 2020 നുമിടയിലെ വേനല്‍ക്കാല മണ്‍സൂണുകളിലായുണ്ടായ ഏറെ നാശനഷ്‌ടങ്ങള്‍ വിതച്ചുകൊണ്ട് കടന്നുപോയ പ്രളയങ്ങള്‍ക്കെല്ലാം പിന്നില്‍ അന്തരീക്ഷ നദികളാണെന്ന് ഗവേഷകര്‍ അറിയിച്ചു. രാജ്യത്തെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ 2013 ലെ ഉത്തരാഖണ്ഡ് പ്രളയവും 2018 ലെ കേരളത്തിലെ മഹാപ്രളയവുമെല്ലാം ഇതിലുള്‍പ്പെടുന്നുവെന്നും പഠനം പറയുന്നു. മാത്രമല്ല വര്‍ധിച്ചുവരുന്ന ചൂട് അന്തരീക്ഷ നദികളുടെ ഈര്‍പ്പം ഉള്‍ക്കൊള്ളാനുള്ള ശേഷിയെ വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇതുപ്രകാരം ഭാവിയിലും ഇത്തരത്തില്‍ വിനാശകരമായ വെള്ളപ്പൊക്കങ്ങളുണ്ടാവാമെന്നും പഠനം അടിവരയിടുന്നു.
പഠനം ഇങ്ങനെ: വേനല്‍ക്കാല മണ്‍സൂണ്‍ സീസണുകളില്‍ പൊഴിഞ്ഞ ഇത്തരം അന്തരീക്ഷ നദികളെ തങ്ങള്‍ പരിശോധിച്ചുവെന്നും ഇവ ജലസ്രോതസുകള്‍ക്ക് അപകടമായി തീരുന്നതിനൊപ്പം ഏറെ വിനാശകരമായ വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ വ്യക്തമാക്കി. അന്തരീക്ഷ നദികള്‍ക്ക് കുറച്ച് സമയത്തിനുള്ളില്‍ തന്നെ വലിയ അളവില്‍ മഴ പെയ്യിക്കാന്‍ കഴിവുള്ളതിനാല്‍ തന്നെ അവയെ കരുതിയിരിക്കണമെന്നും പഠനം മുന്നറിയിപ്പും നല്‍കുന്നുണ്ട്.
രാജ്യത്ത് വേനല്‍ക്കാല മണ്‍സൂണ്‍ സീസണില്‍ അന്തരീക്ഷ നദികളെക്കാരണമുണ്ടായ പ്രളയത്തെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി യൂറോപ്യന്‍ റീ അനാലിസിസ് പതിപ്പില്‍ നിന്നും തെളിഞ്ഞ അന്തരീക്ഷത്തെക്കുറിച്ചുള്ള വിവരങ്ങളും, ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ നിന്നും പെയ്‌ത മഴയെക്കുറിച്ചുള്ള വിവരങ്ങളും, കൊളറാഡോ സർവകലാശാലയിലെ ഡാർട്ട്മൗത്ത് ഫ്ലഡ് ഒബ്സർവേറ്ററിയിൽ നിന്നും ചരിത്രപരമായ വെള്ളപ്പൊക്ക ഡാറ്റാബേസും പഠനവിധേയമാക്കിയതായും ഗവേഷകര്‍ അറിയിച്ചു. തുടര്‍ന്നാണ് നിര്‍ണായകമായ കണ്ടെത്തലുകളുമായുള്ള പഠന റിപ്പോര്‍ട്ട് കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്‍റ് ജേണലിന്‍റെ ഏറ്റവും പുതിയ ലക്കത്തില്‍ സംഘം പ്രസിദ്ധീകരിക്കുന്നത്.
കണ്ടെത്തിയത് കണ്ണുതള്ളിക്കുന്ന വിവരങ്ങള്‍: 1951 മുതല്‍ 2020 വരെ അന്തരീക്ഷ നദികളുമായി ബന്ധപ്പെട്ട 596 പ്രധാന സംഭവവികാസങ്ങള്‍ ഇന്ത്യ നേരിട്ടു. ഇതില്‍ 95 ശതമാനത്തിലധികവും സംഭവിച്ചത് ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള വേനല്‍ക്കാല മണ്‍സൂണ്‍ സീസണിലാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയവരിലെ പ്രധാനിയായ ഗാന്ധിനഗര്‍ ഐഐടിയിലെ പ്രൊഫസര്‍ ശാന്തി സ്വരൂപ് മഹ്‌തോ പറഞ്ഞു. അന്തരീക്ഷ നദികളുമായി ബന്ധപ്പെട്ട വലിയ സംഭവങ്ങളില്‍ മൂന്നിലൊന്ന് സംഭവിച്ചത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയാണെന്നും അവര്‍ അറിയിച്ചു. 1991 മുതല്‍ 2020 വരെയുണ്ടായ 54 ശതമാനത്തോളമുള്ള ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് അന്തരീക്ഷ നദികളും ആഗോള താപനിലയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് എന്നും ശാന്തി സ്വരൂപ് മഹ്‌തോ കൂട്ടിച്ചേര്‍ത്തു.
അന്തരീക്ഷ നദികളുടെ അനന്തരഫലങ്ങള്‍: 1985 മുതല്‍ 2020 വരെയുണ്ടായതും മരണസംഖ്യ കൂടുതലുള്ളതുമായ 10 പ്രളയങ്ങളില്‍ ഏഴെണ്ണവും അന്തരീക്ഷ നദികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഈ പ്രളയങ്ങള്‍ 9,000 ത്തിലധികം ജീവനുകള്‍ അപഹരിച്ചുവെന്നും കോടിക്കണക്കിന് ഡോളറുകളുടെ നാശനഷ്‌ടങ്ങള്‍ക്ക് കാരണമായെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഇതുപ്രകാരം 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ 6000 ജീവനുകളും, 2007 ല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ മേഖലകളിലുണ്ടായ പ്രളയത്തില്‍ 2000 ജീവനുകളും, 1988 ലെ പഞ്ചാബിലുണ്ടായ പ്രളയത്തിലും 2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തിലും 400 ജീവനുകളും പൊലിഞ്ഞതായും പഠനം പറയുന്നു. 1993 ല്‍ അസമിലുണ്ടായ പ്രളയവും, 2006 ല്‍ ഗുജറാത്തിലുണ്ടായ പ്രളയവും, 2004 ല്‍ കിഴക്കേ ഇന്ത്യയിലും ബംഗ്ലാദേശിലുമായുണ്ടായ പ്രളയവും വരുത്തിയ നാശനഷ്‌ടങ്ങള്‍ ചെറുതല്ലെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം ഇതെല്ലാം തന്നെ രൂക്ഷമായ അന്തരീക്ഷ നദി പ്രതിഭാസത്തിന്‍റെ അനന്തരഫലങ്ങളായിരുന്നുവെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്.