തിരുവനന്തപുരം : സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയിലിരിക്കെ വിഷയത്തില്‍ ബില്‍ അവതരിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഡിസംബര്‍ 5 മുതല്‍ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ സമര്‍പ്പിച്ച് ഒരാഴ്‌ച പിന്നിട്ടെങ്കിലും തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അത് പിടിച്ചുവച്ചിരിക്കുന്ന സാഹചര്യത്തില്‍ പകരം ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.
ഇതോടെ ഗവര്‍ണറുടെ പരിഗണനയിലിരിക്കുന്ന ഓര്‍ഡിനന്‍സിന് പ്രസക്തി നഷ്‌ടപ്പെടുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. അതേസമയം, നിയമസഭ എത്ര ദിവസം സമ്മേളിക്കുമെന്ന് വ്യക്തമല്ല. ജനുവരിയില്‍ ആരംഭിക്കേണ്ട നിയമസഭ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി നടത്തുമോയെന്നും വ്യക്തമല്ല.
കേരളത്തില്‍ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് സിപിഎം ഇത്തരമൊരു തന്ത്രം സ്വീകരിച്ച കീഴ്വഴക്കമുണ്ട്. ചാന്‍സലറെ മാറ്റാനുള്ള ബില്‍ നിയമസഭയില്‍ വരുമ്പോള്‍ അനുകൂലിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് ഇതിനെ പിന്തുണയ്ക്കുന്നില്ല.
ഇക്കാര്യം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയതോടെ ഇതുസംബന്ധിച്ച് കോണ്‍ഗ്രസ്, ലീഗ് ഭിന്നത മറ നീക്കി. ചാന്‍സലറെ മാറ്റാനുള്ള ബില്ലിലൂടെ യുഡിഎഫ് ഘടക കക്ഷികള്‍ക്കിടയിലെ ഭിന്നത പരസ്യമാക്കുക എന്ന നേട്ടം കൂടി കൈവരിക്കാന്‍ എല്‍ഡിഎഫിന് കഴിയും. ഹൈക്കോടതി ജഡ്‌ജിമാര്‍ക്കായി 4 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നതിനും മന്ത്രിസഭ അനുമതി നല്‍കി.