തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ (Assembly Ruckus Case) രണ്ട് മുൻ കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതി ചേർക്കാൻ ക്രൈംബ്രാഞ്ച് (Crime Branch) നീക്കം. എം എ വാഹിദ്, ശിവദാസൻ നായർ എന്നിവരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേർക്കാൻ ഒരുങ്ങുന്നത്. ഇവർക്കെതിരെ വനിത എംഎൽഎയെ കയ്യേറ്റം ചെയ്‌തെന്ന കുറ്റത്തിലാണ് കേസെടുക്കുക.
നിലവിൽ ഇടത് നേതാക്കൾ മാത്രം ഉണ്ടായിരുന്ന കേസിലാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളെ കൂടി പ്രതി ചേർക്കാൻ ശ്രമം നടക്കുന്നത്. എം എ വാഹിദിനെയും (M. A. Vaheed) ശിവദാസൻ നായരെയും (K. Sivadasan Nair) പ്രതി ചേർക്കുന്നത് ജമീല പ്രകാശിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്‌തതിനുമാണ്. ഇന്ത്യൻ ശിക്ഷ നിയമം 341, 323 എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തുക. കേസിൽ ഇരുവരെയും പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും.
കേസിൽ പൊതുമുതൽ നശിപ്പിച്ച വകുപ്പ് കോൺഗ്രസ് നേതാക്കൾക്കെതിരെ ചുമത്തില്ല. എന്നാൽ കോടതിയുടെ അനുമതിയോടെയാണ് പുനരന്വേഷണവും പുതിയ കുറ്റപത്രവുമെന്ന വിശദീകരണമാകും സർക്കാർ നൽകാൻ സാധ്യത. നിയമസഭ കയ്യാങ്കളി കേസിൽ ഇടത് നേതാക്കളെ കടന്നാക്രമിക്കുന്ന പ്രതിപക്ഷത്തിനെ പ്രതിരോധത്തിലാക്കുകയാണ് ക്രൈംബ്രാഞ്ച് നീക്കം. അതേസമയം കേസ് അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
കേസിനാസ്‌പദമായ സംഭവം : 2015 മാർച്ച് 13നാണ് കേസിനാസ്‌പദമായ സംഭവം. ബാർ കോഴ വിവാദം കത്തിനിൽക്കെ അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താനാണ് നിയമസഭയിൽ അന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുപക്ഷ എംഎൽഎമാർ സഭയിൽ സംഘർഷം അഴിച്ചുവിട്ടത്. സ്‌പീക്കറുടെ കസേരയടക്കം നശിപ്പിച്ചു. വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത് ഉൾപ്പെടെയുള്ള എംഎൽഎമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കന്‍റോൺമെന്‍റ് പൊലീസ് അന്ന് കേസെടുത്തത്.
കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കാൻ പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. അതേസമയം നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണം പൂർത്തിയാക്കാൻ മൂന്ന് ആഴ്‌ചത്തെ അധിക സമയം കോടതി അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ ആവശ്യത്തെതുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
മൊഴി രേഖപ്പെടുത്തിയവർ : നേരത്തെ കോടതി അനുവദിച്ച സമയം സെപ്‌റ്റംബർ നാലിന് അവസാനിച്ചിരുന്നു. മുൻ നിയമസഭ സെക്രട്ടറി ശാരംഗധരന്‍റെയും എം എൽ എമാർ ഉൾപ്പെടെ 100 പേരുടെയും മൊഴി ഇതിനോടകം എടുത്തിരുന്നു. ബി സത്യൻ, കോലിയക്കോട് എൻ കൃഷ്‌ണൻ നായർ, ജമീല പ്രകാശം, ഇ എസ് ബിജിമോൾ, രാജു എബ്രഹാം, മുല്ലക്കര രത്‌നാകരൻ, കെ ദാസൻ, കെ രാജു, കെ ബി ഗണേഷ് കുമാർ, എ പി അബ്‌ദുള്ള കുട്ടി, സി ദിവാകരൻ, കെ പി മോഹനൻ, ഗീത ഗോപി, അനൂപ് ജേക്കബ്, ഡോ ജയരാജ്, കെ സി ജോസഫ്, സുരേഷ് കുറുപ്പ്, പി സി ജോർജ്, ആർ സെൽവരാജ്, ഇ ചന്ദ്രശേഖരൻ, എ ടി ജോർജ്, കെ കെ ലതിക, കെ എസ് സലീഖ, ബി ഡി ദേവസ്യ, സി രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, തേറമ്പിൽ രാമകൃഷ്‌ണൻ എന്നിവരുടെയെല്ലാം മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇതു കൂടാതെ നിയമസഭ വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷലായിരുന്ന അൻവിൻ ജെ ആൻ്റണിയുടെ മൊഴിയും രേഖപ്പെടുത്തി എന്നും അന്വേഷണം അവസാന ഘട്ടത്തിലാണ് എന്നുമായിരുന്നു രണ്ടാം ഘട്ട തുടരന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.