തിരുവനന്തപുരം: കോട മഞ്ഞിന്റെ കുളിരണിഞ്ഞ പ്രകൃതിയുടെ വന്യ സൗന്ദര്യത്തെ അടുത്തറിയാന്‍ മലകയറി കയറി പൊന്മുടിയിലെത്തുന്ന സഞ്ചാരികള്‍ക്ക് സാഹസിക സൈക്ലിങ് താരങ്ങളുടെ മാസ്മരിക പ്രകടനം കണ്ടറിയാം. പൊന്മുടി മെര്‍കിസ്റ്റന്‍ എസ്റ്റേറ്റിലെ ചെങ്കുത്തായ മലനിരകളില്‍ നാല് മാസത്തോളമെടുത്ത് തയ്യാറാക്കിയ ട്രാക്കില്‍ ലോകോത്തര സൈക്ലിങ് താരങ്ങളുടെ മികവ് മാറ്റുരയ്ക്കുന്നു. രണ്ട് ദിവസം ഏഷ്യന്‍ മൗണ്ടന്‍ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പിന് പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ സാഹസിക ട്രാക്കുകൾ വേദിയായി.
20 രാജ്യങ്ങളില്‍ നിന്നായി എത്തിയത് 250 ലേറെ താരങ്ങളാണ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്നത്. പുരുഷ വനിത വിഭാഗങ്ങളിലായി എലൈറ്റ് ഡൗണ്‍ഹില്‍, എലൈറ്റ് ക്രോസ് കണ്‍ട്രി ഒളിംപിക്, ജൂനിയര്‍ ക്രോസ് കണ്‍ട്രി ഒളിംപിക്, അണ്ടര്‍ 23 ക്രോസ് കണ്‍ട്രി ഒളിംപിക്, എലൈറ്റ് ക്രോസ് കണ്‍ട്രി എലിമിനേറ്റര്‍, മിക്സഡ് എലൈറ്റ് ക്രോസ് കണ്‍ട്രി ടീം റിലേ എന്നിങ്ങനെ 6 ഇനങ്ങളിലാകും മത്സരിക്കുക.
പൊന്മുടിയിലെ അധികം ചൂടും തണുപ്പുമല്ലാത്ത കാലാവസ്ഥ സൈക്ലിങിന് അനുയോജ്യമാണെന്ന് ചൈനീസ് താരങ്ങൾ പറയുന്നു. പൊന്മുടിയിലെ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് 2024 ലെ പാരിസ് ഒളിപിക്‌സിലേക്ക് യോഗ്യത ലഭിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.