തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് ഇൻഷ്വറൻസ് കമ്പനി മേധാവികളുമായി ചർച്ച നടത്തും (Transport Minister Antony Raju will hold talks with insurance company heads today). സംസ്ഥാനത്തെ റോഡുകളിൽ എ ഐ (ആർട്ടിഫിഷ്യൽസ് ഇന്‍റലിജൻസ്) ക്യാമറകൾ സ്ഥാപിച്ചതിന് പിന്നാലെ റോഡ് അപകടമരണങ്ങള്‍ കുറഞ്ഞതിനാൽ വാഹന ഇൻഷ്വറൻസ് പോളിസി തുക കുറയ്ക്കുവാനും തുടർച്ചയായി റോഡ് നിയമലംഘനം നടത്തുന്നവർക്ക് അധിക തുക ചുമത്തുവാനും ഇൻഷ്വറൻസ് പുതുക്കുന്നതിനു മുന്‍പ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാനുമാണ് മന്ത്രി ഇന്ന് ഇൻഷ്വറൻസ് കമ്പനി മേധാവികളുമായി ചർച്ച നടത്തുന്നത്.
ഇന്ന് ഉച്ചയ്ക്ക് (നവംബർ 15) 12.30ന് തിരുവനന്തപുരം പിഎംജിയിലെ മസ്‌ക്കറ്റ് ഹോട്ടലിലാണ് ചർച്ച നടക്കുന്നത്. ഇതിന് മുൻപ് ഓഗസ്റ്റ് 17നും മന്ത്രി ഇൻഷ്വറൻസ് കമ്പനി മേധാവികളുമായി ചർച്ച നടത്തിയിരുന്നു. ചർച്ചയെ തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവുമായും സര്‍ക്കാർ തല ചർച്ച നടത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
സംസ്ഥാനത്ത് ഡിസംബര്‍ ഒന്ന് മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ കിട്ടുകയുള്ളൂവെന്നും മന്ത്രി എ ഐ ക്യാമറ അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. റോഡ് അപകടങ്ങളും അപകട മരണനിരക്കും കുറയ്ക്കാനുള്ള കർശന നടപടികളാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നത്. എ ഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
58,29,926 എണ്ണമാണ് ഇതിൽ പരിശോധിച്ചവ. 23,06,023 കേസുകൾ ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്‌തു. 2,103,801 ചെല്ലാനുകൾ തയ്യാറാക്കി. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ എ ഐ ക്യാമറ പിടികൂടിയിട്ടുള്ളത്. ഏകദേശം 21.5 കോടി രൂപ ഇതിനോടകം പിഴയായി ലഭിച്ചിട്ടുണ്ട്.
ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികൾ ഓൺലൈനായി ഇ-ചെല്ലാൻ വെബ്സൈറ്റിൽ തന്നെ സമർപ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയത്ത് പിഴ അടയ്ക്കാത്തത് മൂലം വിചാരണ നടപടികള്‍ക്കായി കോടതിയിലേക്ക് അയയ്ക്കുന്ന കേസുകളില്‍ പിഴ അടയ്ക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യം പരിഗണിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് നേരിട്ട് പിഴ അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.