തിരുവനന്തപുരം: ക്രിസുമസ് - പുതുവത്സരം അടക്കമുള്ള ഉത്സവ സീസണുകളിലെ യാത്ര ക്ലേശം പരിഹരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. ഡിമാൻഡ് അനുസരിച്ച് കൂടുതൽ ദീർഘദൂര സർവീസുകൾ അനുവദിക്കും. ചെന്നൈ, ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേക്കാണ് അധിക സർവീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.
ഉത്സവ സീസണുകളിൽ സ്വകാര്യ ബസുകൾ അമിത ചാർജ് ഈടാക്കിയാൽ സർക്കാരിന് ഇടപെടേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം സിറ്റി സർക്കുലർ ഓറഞ്ച് സർക്കിൾ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു മന്ത്രി. പെർമിറ്റ് ലംഘിച്ച നാല് സ്വകാര്യ ബസുകളുടെ പെർമിറ്റ് റദ്ദാക്കിയതായി മന്ത്രി പറഞ്ഞു.
പെർമിറ്റ് ലംഘിച്ചാൽ കർശന നടപടി: ജനുവരി അഞ്ച് മുതൽ പെർമിറ്റുള്ള ബാക്കി 96 ബസുകൾ പെർമിറ്റിന് വിരുദ്ധമായി സർവീസ് നടത്തിയാൽ കർശന നടപടി സ്വീകരിക്കും. പെർമിറ്റ് പ്രകാരം നിശ്ചയിച്ച സ്ഥലങ്ങളിൽ നിന്ന് സ്വകാര്യ ബസുകൾ സർവീസ് ആരംഭിക്കുകയും നിശ്ചയിച്ചിട്ടുള്ള സ്ഥലം വരെ സർവീസ് നടത്തുകയും വേണം. സ്വകാര്യ ബസുകൾക്ക് കിഴക്കേക്കോട്ടയിൽ പാർക്കിങ് അനുവദിക്കില്ല. ഇതിനായി മോട്ടോർ വെഹിക്കിൾ എൻഫോഴ്‌സ്‌മെന്‍റ് സ്‌പെഷ്യൽ വിങ് കിഴക്കേക്കോട്ടയിൽ പ്രവർത്തിക്കും.
സർവീസുകൾ ഈ റൂട്ടിൽ: വാഹന ഉടമകളുടെ സൗകര്യം അനുസരിച്ചല്ല സർവീസ് നടത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് ആരംഭിച്ച സിറ്റി സർക്കുലർ ഓറഞ്ച് സർക്കിൾ ബസുകൾ കിഴക്കേക്കോട്ട - മണക്കാട് - മുക്കോലയ്‌ക്കൽ - വലിയതുറ - ശംഖുമുഖം - ആൾസെയിന്‍റ്സ് -ചാക്ക - പേട്ട- ജനറല്‍ ആശുപത്രി – പാളയം – സ്റ്റാച്യു - തമ്പാനൂര്‍ - കിഴക്കേകോട്ട എന്നീ റൂട്ടിലാണ് സർവീസ് നടത്തുക. ഒരു ട്രിപ്പില്‍ 10 രൂപ നിരക്കിൽ യാത്ര ചെയ്യാം. നാല് പുതിയ ഇലക്‌ട്രിക് ബസുകളായിരിക്കും ഓറഞ്ച് സര്‍ക്കിളില്‍ സര്‍വീസ് നടത്തുന്നത്.
ഗുഡ് ഡേ, ടുഡേ ടിക്കറ്റുകൾ : 12 മണിക്കൂര്‍ സഞ്ചരിക്കുന്നതിന് 30 രൂപയുടെ ‘ടുഡേ’ ടിക്കറ്റും 24 മണിക്കുര്‍ സഞ്ചരിക്കുന്നതിന് 50 രൂപയുടെ ‘ഗുഡ് ഡേ’ ടിക്കറ്റും എടുത്താല്‍ എല്ലാ സിറ്റി സര്‍ക്കുലര്‍ ബസുകളിലും യഥേഷ്‌ടം സഞ്ചരിക്കാം. നാല് മാസത്തിനുള്ളിൽ 120 പുതിയ ഇലക്‌ട്രിക് ബസുകൾ വരും. തലസ്ഥാനമെന്ന നിലയിൽ തിരുവനന്തപുരത്തിനാണ് പ്രാധാന്യം ഇതിന് നൽകുന്നത്. സിറ്റി സർക്കുലർ സർവീസ് രണ്ടാം ഘട്ടമെന്ന നിലയിൽ കൊച്ചിയിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.