തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുള്ള വിവാദ വനിത അനിത പുല്ലയില്‍ ലോക കേരള സഭാവേദിയില്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി സഭ ടി.വി സാങ്കേതിക വിഭാഗത്തിലെ നാല് കരാര്‍ ജീവനക്കാരിലൊതുക്കി. അനിത, സഭയില്‍ പ്രവേശിച്ചതില്‍ നിയമസഭ സെക്രട്ടേറിയറ്റിനോ സ്‌പീക്കറുടെ ഓഫിസിനോ വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് സ്‌പീക്കര്‍ എം.ബി രാജേഷ് അറിയിച്ചു. നിയമസഭയുടെ സുരക്ഷ ചുമതലയുള്ള ചീഫ് മാര്‍ഷല്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സാങ്കേതിക വിഭാഗത്തിലെ കരാര്‍ ജീവനക്കാരായ ഫസീല, വിപുരാജ്, പ്രവീണ്‍, വിഷ്‌ണു എന്നിവരെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പുറത്താക്കി. ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിതരണം ചെയ്‌ത പാസ് ഉപയോഗിച്ചാണ് അനിത നിയമസഭയുടെ മുഖ്യ കവാടം കടന്ന് അകത്തെത്തിയത്. ലോക കേരള സഭയ്ക്ക് സാങ്കേതിക സഹായം ചെയ്യുന്ന ഒരു ജീവനക്കാരിക്കൊപ്പം എത്തിയ ഇവര്‍ നിയമസഭയുടെ വരാന്തയില്‍ കടന്ന് തൊട്ടടുത്തുള്ള സഭ ടി.വി ഓഫിസില്‍ കയറിയിരുന്നു.
അപ്പോള്‍ അവിടെ കരാര്‍ ജീവനക്കാരായ വിപുരാജ്, പ്രവീണ്‍, വിഷ്‌ണു എന്നിവര്‍ ഉണ്ടായിരുന്നു. ഈ മൂന്ന് പേര്‍ക്കെതിരെയും നടപടിയെടുത്തു. കൂടാതെ അനിതയെ അകത്തേക്ക് കൂട്ടിക്കൊണ്ടുവന്ന ഫസീലക്കെതിരെയും നടപടിയെടുത്തു. ഇവരുടെ കൈയില്‍ ലോക കേരള സഭയുടെ പാസും നിയമസഭ പാസും ഉണ്ടായിരുന്നതിനാലാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ഇവരെ അകത്തേക്ക് കടത്തി വിട്ടത്. വാച്ച് ആന്‍ വാര്‍ഡ് ഇവരെ തിരിച്ചറിഞ്ഞില്ല. ഇക്കാര്യത്തില്‍ വാച്ച് ആന്‍ വാര്‍ഡിന് വീഴ്‌ചയില്ല.
'ഉത്തരവാദിത്വം കരാര്‍ ജീവനക്കാര്‍ക്ക് മാത്രം': അനിത സഭയില്‍ കടന്ന വിവരം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത ഉടന്‍ സ്‌പീക്കറുടെ ഓഫിസ് ഇടപെടുകയും അവരെ പുറത്താക്കുകയുമായിരുന്നെന്ന് വാര്‍ത്താസമ്മേളനത്തില്‍ സ്‌പീക്കര്‍ പറഞ്ഞു. അനിത സഭയില്‍ പ്രവേശിച്ചതിന്‍റെ ഉത്തരവാദിത്വം സഭ ടി.വി സാങ്കേതിക വിഭാഗത്തിലെ കരാര്‍ ജീവനക്കാര്‍ക്ക് മാത്രമാണ്. ഇവര്‍ നിയമസഭയ്ക്കകത്തോ ലോക കേരള സഭ നടക്കുന്ന ശങ്കരനാരായണന്‍ തമ്പി ഹാളിലോ കയറിയിട്ടില്ല.
അനിത ലോക കേരള സഭയുടെ ആദ്യ ദിനം മുതല്‍ സദസില്‍ ഉണ്ടായിരുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തില്ലെന്ന് സ്‌പീക്കര്‍ ചോദിച്ചു. എന്തായാലും സി.സി.ടി.വി ദൃശ്യങ്ങളുടെ പരിധിയില്‍ ഇവര്‍ എത്തിയിട്ടില്ല. ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് ചീഫ് മാര്‍ഷല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംഭവത്തില്‍ അനിതയ്‌ക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ല. എന്തടിസ്ഥാനത്തില്‍ കേസെടുക്കുമെന്നും പാസില്ലാതെ അവര്‍ കയറിയെന്നത് മാത്രമേയുള്ളൂവെന്നും സ്‌പീക്കര്‍ വിശദീകരിച്ചു.
ALSO READ| ലോക കേരളസഭ വേദിയില്‍ അനിത പുല്ലയില്‍; നടപടി ഇന്ന്