തിരുവനന്തപുരം: അമ്പൂരിയില്‍ രാഖിമോളുടെ കൊലപാതകത്തിലെ രണ്ടാം പ്രതിയെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് ഒമ്പതാം തീയതി വരെ റിമാൻഡ് ചെയ്തു. തട്ടാൻമുക്ക് അശ്വതി ഭവനിൽ രാഹുൽ ആർ നായരെയാണ് (27) റിമാൻഡ് ചെയ്തത്. കേസിലെ ഒന്നാംപ്രതി അഖിൽ ആർ നായരുടെ സഹോദരനാണ് രാഹുൽ.
മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട രാഖി മോളും അഖിൽ ആർ നായരും ദീർഘകാലത്തെ പ്രണയത്തിലായിരുന്നു. ഫെബ്രുവരി 15ന് ഇരുവരും എറണാകുളത്തെ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. അന്തിയൂർ കോണത്തെ യുവതിയുമായുള്ള അഖിലിന്‍റെ വിവാഹ നിശ്ചയത്തിന് ശേഷം ഈ ബന്ധം ഉലയുകയായിരുന്നു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ അഖിലിന്‍റെ വീട്ടിൽ വന്ന് ആത്മഹത്യ ചെയ്യുമെന്ന രാഖിയുടെ ഭീഷണി അഖിലിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഇക്കാര്യം രണ്ടാം പ്രതി രാഹുലിനോടും, മൂന്നാം പ്രതി ആദർശിനോടും അഖിൽ പങ്കുവെച്ചു. തുടർന്ന് മൂവരും ചേർന്ന് നടത്തിയ ഗൂഢാലോചനയിലാണ് കൊലപാതകം നടന്നത്.
സുഹൃത്തായ തൃപ്പരപ്പ് സ്വദേശി സൈനികന്‍റെ വാഹനം അഖിലും രാഹുലും അമ്പൂരിയിൽ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ 21ന് നെയ്യാറ്റിൻകരയിൽ വിളിച്ചുവരുത്തിയ രാഖിയെ കാറിൽ കയറ്റി പുതിയ വീട് കാണിച്ച് നൽകാമെന്ന് പറഞ്ഞ് അമ്പൂരിയിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേയിൽ വിവാഹ കാര്യം പറഞ്ഞ് ഇരുവരും വാക്കേറ്റത്തിൽ ഏർപ്പെട്ടു. തട്ടാൻ മുക്കിലെത്തിയപ്പോള്‍ രാഹുൽ പിൻസീറ്റിലിരുന്ന രാഖിയുടെ കഴുത്ത് ഞെരിക്കുകയായിരുന്നു. തന്‍റെ സഹോദരനെ ജീവിക്കാൻ അനുവദിക്കില്ലേ എന്ന ചോദ്യവുമായി രാഹുൽ നടത്തിയ ആക്രമണത്തിൽ രാഖി കുഴഞ്ഞുവീണു. പിന്നീട് കയ്യിൽ കരുതിയിരുന്ന കയർ ഉപയോഗിച്ച് രാഖിയുടെ മരണം ഉറപ്പുവരുത്തിയെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
വെള്ളിയാഴ്ച പൊലീസിന് മുമ്പിൽ കീഴടങ്ങിയ രാഹുലിനെ ചോദ്യം ചെയ്തശേഷം അഖിലുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടു. അഖിലും കീഴടങ്ങാൻ പോകുന്നു എന്ന് മനസ്സിലാക്കിയ പൊലീസ് സംഘം ഷാഡോ പൊലീസിന്‍റെ സഹായത്തോടെ അഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.