തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടത് നവംബര്‍ ആറിനു മാത്രമാണെന്ന വനം മന്ത്രി എ.കെ.ശശീന്ദ്രന്‍റെ വാദം പൊളിയുന്നു. സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയിലെ കേരളത്തിലെ ഏക പ്രതിനിധിയായ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിന്‍റെ ചേമ്പറില്‍ നവംബര്‍ ഒന്നിന് ചേര്‍ന്ന യോഗത്തിലാണ് മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തീരുമാനമെടുത്തത്.
കേരളത്തിന്‍റെയും തമിഴ്‌നാടിന്‍റെയും വൈകാരികമായ പ്രശ്‌നത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എടുക്കുന്ന തീരുമാനം മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും അറിയാതിരിക്കാന്‍ സാദ്ധ്യതയില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
Also Read: ജോജുവിന്‍റെ കാർ തകർത്ത കേസ്; കോൺഗ്രസ് നേതാക്കൾ കീഴടങ്ങി, ജോജുവിന്‍റെ കോലം കത്തിച്ചു
നടപടിക്രമങ്ങളുടെയും മരം മുറിക്കാന്‍ അനുമതി നല്‍കിയതിന്‍റെയും ഉത്തരവുകള്‍ പുറപ്പെടുവിക്കും മുന്‍പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു കൈമാറിയിരുന്നു.
ഇത് അഡീഷണല്‍ ചീഫ് സെക്രട്ടറി ചീഫ് സെക്രട്ടറിക്കു കൈമാറുകയും ചീഫ് സെക്രട്ടറി ഇക്കാര്യം മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും അറിയിക്കുകയുമാണ് നടപടി ക്രമമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വനം വന്യ ജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹയ്ക്കും ഉത്തരവിനെ കുറിച്ച് അറിവുണ്ടായിരുന്നു.
രാജേഷ്‌കുമാര്‍ സിന്‍ഹ മന്ത്രിയെ അറിയിച്ചില്ല...?
രാജേഷ്‌കുമാര്‍ സിന്‍ഹ വകുപ്പു മന്ത്രിയായ എ.കെ.ശശീന്ദ്രനെ ഇക്കാര്യം അറിയിച്ചില്ലേ എന്ന ചോദ്യവും ഉയരുന്നു. മരം മുറിക്കാന്‍ അനുമതി നല്‍കിയ കേരള സര്‍ക്കാരിനെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ കത്തയച്ചപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, വനം മന്ത്രി എ.കെ. ശശീന്ദ്രന്‍, ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ ഉത്തരവിനെ കുറിച്ചറിഞ്ഞതെന്ന അവരുടെ ന്യായീകരണം ദുര്‍ബ്ബലമാകുന്നതും ഈ ഘട്ടത്തിലാണെന്നത് ശ്രദ്ധേയമാണ്.
ബെന്നിച്ചന്‍ തോമസിന്‍റെ തീരുമാനം ഏകപക്ഷീയം...?
15 വര്‍ഷം മുന്‍പ് മുല്ലപ്പെരിയാര്‍ ഡാമിനു താഴെയുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തൊഴിലാളികളും മണ്ണുമാന്തിയ യന്ത്രവുമായി എത്തിയപ്പോള്‍ അന്ന് തേക്കടി ഡി.എഫ്.ഒ ആയിരുന്ന ബെന്നിച്ചന്‍ തോമസ് തമിഴിനാടിനെ തടഞ്ഞ് യന്ത്രങ്ങള്‍ പിടിച്ചെടുത്തിരുന്നു.
ഇതേ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്ഥാനത്തിരിക്കുമ്പോള്‍ പ്രശ്‌നത്തിന്‍റെ ഗൗരവം മനസിലാക്കാതെ ഇങ്ങനെയൊരുത്തരവ് ഏകപക്ഷീയമായി ഇറക്കാന്‍ സാദ്ധ്യതയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.