തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് യാതൊരു സാഹചര്യത്തിലും തുടർ ഭരണം നൽകരുതെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മര്യാദ രാമന്മാരായെന്നും ഈ മുഖം മിനുക്കൽ അക്കര കടക്കാനാണെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തെ ഭരണത്തിന്‍റെ മുഖമുദ്ര തലക്കനം, അഴിമതി, ധൂർത്ത് എന്നിവയായിരുന്നു. ശബരിമല എല്ലാവരുമായി ചർച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറയുന്നു, എന്നാൽ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ നടപ്പാക്കിയ മന്ത്രി മാപ്പ് പറയുന്നു. അന്ന് ചർച്ച ചെയ്‌തിരുന്നെങ്കിൽ ഇത്രയും നാശം ഉണ്ടാകുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. ഏപ്രിൽ ആറിന് പോളിംഗ് ബൂത്തിൽ പോകുന്ന സ്‌ത്രീകൾ ഇതു മറക്കുമോയെന്നും മുഖ്യമന്ത്രി എത്ര സ്വരം മാറ്റിയാലും കേരള ജനത മാപ്പു നൽകുമോയെന്നും അദ്ദേഹം ചോദിച്ചു.
ശുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരെ എത്ര ക്രൂരമായാണ് മാർക്‌സിസ്റ്റ് അക്രമികൾ കൊലപ്പെടുത്തിയത്. കൊലയാളികളെ രക്ഷിക്കാൻ എത്ര കോടികളാണ് സർക്കാർ ചെലവിട്ടതെന്നും ആന്‍റണി ചോദിച്ചു. കേരളത്തിലെ അമ്മമാരും സഹോദരിമാരും ഇത് മറക്കില്ല. ഈ സർക്കാരിന് കേരളം വിധിക്കാൻ പോകുന്നത് വനവാസമാണ്. സർക്കാർ പബ്ലിക് സർവീസ് കമ്മിഷനെ നോക്കു കുത്തിയാക്കിയത് അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർ മറക്കുമോയെന്നും പബ്ലിക് സർവീസ് കമ്മിഷനെ പാർട്ടി കമ്മിഷനാക്കിയെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാർ ശപിച്ചു കൊണ്ട് വോട്ട് ചെയ്‌ത് ഈ സർക്കാരിനെ ഏപ്രിൽ ആറിന് പുറത്താക്കുo. കേരളത്തിന്‍റെ സൈന്യം എന്നു പറഞ്ഞ മത്സ്യതൊഴിലാളികൾ ഈ സർക്കാരിനു മാപ്പു നൽകുമോയെന്ന് അദ്ദേഹം ചോദിച്ചു. തുടർ ഭരണമാറ്റമുണ്ടായാൽ അക്രമത്തിന്‍റെയും അഴിമതിയുടെ തേർവാഴ്‌ചയായിരിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി രക്ഷപ്പെടാൻ ഈ തെരഞ്ഞെടുപ്പിൽ അവർ തോൽക്കണം. ഇത് നല്ല കമ്മ്യൂണിസ്റ്റുകാരുടെ ആവശ്യമാണ്.
യുഡിഎഫിന് തിളക്കമാർന്ന വിജയം നൽകണമെന്നും മോദിയും പിണറായിയും ഒരേ തൂവൽ പക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ, ഡീസല്‍ വില കണ്ണിൽ ചോരയില്ലാതെ കൂട്ടുന്ന ബിജെപിയെ ജനങ്ങൾ മറക്കില്ല. കേരളത്തിന്‍റെ മണ്ണിൽ ബിജെപി വേണ്ടെന്നും യുഡിഎഫ് തിരിച്ചു വരണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മാത്രമല്ല എല്ലാം പ്രധാനമാണ്. ഇതിനുള്ള ട്രോഫിയാണ് സ്വർണക്കടത്ത്. കേരളം സമാധാനത്തിൽ നിന്ന് കുറ്റകൃത്യങ്ങളുടെ നാടായി മാറി. ബിഹാറിനെയും ഉത്തർപ്രദേശിനേയും കേരളം കുറ്റകൃത്യങ്ങളിൽ കടത്തിവെട്ടിയിരിക്കുന്നു. മുതിർന്ന സ്‌ത്രീകൾ ക്രൂരതയ്‌ക്കിരയായ സംസ്ഥാനങ്ങളിൽ മുന്നിലാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.