തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാർ പഞ്ച് ചെയ്‌ത് മുങ്ങുന്നത് തടയാൻ സംവിധാനം വരുന്നു. ആക്‌സസ് കൺട്രോൾ സിസ്റ്റമാണ് സെക്രട്ടേറിയറ്റിൽ ഏർപ്പെടുത്തുന്നത്. ഏപ്രിൽ ഒന്നു മുതലാണ് പുതിയ സംവിധാനം നിലവിൽ വരിക.
രണ്ട് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും സംവിധാനം ഏർപ്പെടുത്തുക. ഇതിന് ശേഷമാകും പഞ്ചിങ്ങ് സംവിധനത്തിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കുന്ന സമയത്ത് ജീവനക്കാർക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകും. രണ്ട് മാസത്തിന് ശേഷം ഇത്തരത്തിൽ മുങ്ങുന്ന ജീവനക്കാരുടെ ശമ്പളം പിടിക്കാനാണ് സർക്കാർ തീരുമാനം.
നടപടി സംഘനകളുടെ എതിർപ്പ് മറികടന്ന്: ജീവനക്കാരുടെ സംഘടനകളുടെ കടുത്ത എതിർപ്പിനിടെയാണ് ആക്‌സസ് കൺട്രോൾ സംവിധാനം ഏർപ്പെടുത്തുന്നത്. നേരത്തെ ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഭരണ പ്രതിപക്ഷ സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. ഈ ചർച്ചകളിൽ എല്ലാം സംഘടനകൾ ശക്തമായ എതിർപ്പ് ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രിയ്‌ക്ക് അടക്കം സംഘടനകൾ പരാതിയും നൽകിയിരുന്നു. എന്നാൽ ഈ എതിർപ്പുകൾ അവഗണിച്ച് മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനിച്ചത്. സർക്കാർ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ പൊതുഭരണ സെക്രട്ടറി കെആർ ജോതിലാലാണ് ഉത്തരവിറക്കിയത്.
also read: മഹാമാരികളെ നേരിടും, പൊതുജനാരോഗ്യത്തിന് സമിതികൾ; പൊതുജനാരോഗ്യ ബിൽ പാസാക്കി നിയമസഭ
ശമ്പളം പോകുന്ന വഴി: ആക്‌സസ് കൺട്രോൾ സിസ്റ്റം വരുന്നതോടെ ജീവനക്കാർ ഓഫീസിൽ നിന്ന് പുറത്തു പോകുന്നതും തിരികെയെത്തുന്നതും കൃത്യമായി രേഖപ്പെടുത്താൻ കഴിയും. രണ്ട് മാസത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ശേഷം ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ള ബയോമെട്രിക് പഞ്ചിങ്ങിനൊപ്പം ആക്‌സസ് കൺട്രോൾ സിസ്റ്റവും ബന്ധിപ്പിക്കും. ഇതോടെ സീറ്റിൽ നിന്ന് മാറി നിൽക്കുന്ന സമയത്തെ ശമ്പളം നഷ്‌ടമാകുന്ന സ്ഥിതിയുണ്ടാകും.
പൊതുമരാമത്ത് രഹസ്യ വിഭാഗമാകും സിവിൽ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് സംവിധാനം നടപ്പാക്കുക. അകത്തേക്കും പുറത്തേക്കുമുള്ള വഴികളിൽ ആക്‌സസ് കൺട്രോൾ സംവിധാനം സ്ഥാപിക്കും. ജീവനക്കാർ ഇതുവഴി മാത്രം അകത്തേക്കും പുറത്തേക്കും സഞ്ചരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
also read: മാലിന്യ സംസ്‌കരണത്തിന് ലോകബാങ്ക് സഹായിക്കും, തീരുമാനം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍
ഇനി ഉദ്യോഗസ്ഥർ നീങ്ങില്ല, ഫയൽ നീങ്ങും: ആക്‌സസ് കൺട്രോൾ സംവിധാനം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം നിലവിൽ തുടങ്ങി കഴിഞ്ഞു. ഓഫീസ് വാതിലുകളിൽ സ്ഥാപിച്ച ഉപകരണം പ്രവർത്തന സജ്‌ജമാക്കുന്ന നടപടിയാണ് നിലവിൽ നടക്കുന്നത്. സെക്രട്ടേറിയറ്റിലെ ഫയൽ നീക്കം അടക്കം വൈകുന്നതിൽ ജീവനക്കാർ ഡ്യൂട്ടി സമയത്ത് ഓഫീസ് വിട്ട് പുറത്തു പോകുന്നത് കാരണമാകുന്നുവെന്ന് വിമർശനം ഉയർന്നിരുന്നു. ഫയൽ നീക്കം വേഗത്തിലാക്കാൻ ചേർന്ന സെക്രട്ടറി തല യോഗത്തിലും ഇതേ അഭിപ്രായം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് സർവീസ് സംഘടനകളുടെ എതിർപ്പ് അവഗണിച്ച് ആക്‌സസ് കൺട്രോൾ ഏർപ്പെടുത്തിയിരിക്കുന്നത്.