തിരുവനന്തപുരം : അക്കാദമിക് കലണ്ടറിലെ പരിഷ്‌കാരം സംബന്ധിച്ച് ഇന്ന് അധ്യാപക സംഘടനകളുടെ യോഗം വിളിച്ച് വിദ്യാഭ്യാസ മന്ത്രി. പരിഷ്‌കാരത്തിന്‍റെ ഭാഗമായി ശനിയാഴ്‌ചകളിൽ പ്രവർത്തി ദിനമാക്കിയതും ഏപ്രിൽ ആറ് വരെ അക്കാദമിക് വർഷം നീട്ടിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന് പിന്നാലെയാണ് യോഗം ചേരാൻ തീരുമാനമായത്.
ക്വാളിറ്റി ഇപ്രൂവ്‌മെന്‍റ് പ്രോഗ്രാമിന്‍റെ മേൽ നോട്ടത്തിലാണ് യോഗം. പുതിയ പരിഷ്‌കാരത്തെ എതിർത്ത് ഇടതുപക്ഷ സംഘടനയായ കെഎസ്‌ടിഎ അടക്കം രംഗത്ത് വന്നതോട് കൂടിയാണ് മാറ്റത്തിന് ഒരുങ്ങാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഈ വരുന്ന 20ന് സംയുക്ത അധ്യാപക സമിതി പുതിയ പരിഷ്‌കാരത്തിനെതിരെ സെക്രട്ടേറിയറ്റ് മാർച്ചും പ്രഖ്യാപിച്ചിരുന്നു.
വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവൃത്തി ദിനം വര്‍ധിപ്പിക്കുന്ന പരിഷ്‌കരണത്തില്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി കഴിഞ്ഞു എന്നും ഇനിയൊരു ചർച്ച ഇല്ലെന്നുമായിരുന്നു മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പറഞ്ഞിരുന്നത്. ഏത് അധ്യാപക സംഘടനയ്‌ക്കും അവരുടെ അഭിപ്രായം പറയാമെന്നും സർക്കാർ തീരുമാനം നടപ്പിലാക്കി കഴിഞ്ഞുവെന്നും മന്ത്രി വ്യക്‌മാക്കിയിരുന്നു.
പുതിയ തീരുമാനം രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും സന്തോഷമാണെന്നും പാഠ്യേതര വിഷയങ്ങൾക്ക് കോട്ടം തട്ടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കൂടാതെ അക്കാദമിക് കലണ്ടറിലെ പരിഷ്‌കാരത്തിൽ എതിർപ്പ് പത്രക്കാർക്ക് മാത്രമാണെന്നും വിദ്യാഭ്യാസ വകുപ്പിനോട് ആരും എതിർപ്പ് അറിയിച്ചിട്ടില്ലെന്നുമായിരുന്നു വി ശിവൻകുട്ടി പറഞ്ഞത്. എന്നാൽ വിയോജിപ്പ് കടുത്തതോടെ സ്ഥലം മാറിപ്പോകുന്ന വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്‌ടർ ജീവൻ ബാബുവിന് ഉള്ള യാത്രയയപ്പ് ചടങ്ങിന് വരെ വിദ്യാഭ്യാസ മന്ത്രി വിട്ടുനിന്നിരുന്നു. പിന്നാലെ വിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത സൃഷ്‌ടിക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും അധ്യാപക സംഘടനകളുമായി ചർച്ചയ്ക്ക് ശേഷം വേണ്ട തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്‌തമാക്കുകയായിരുന്നു.
നിലവിലെ കെഇആർ വ്യവസ്ഥകൾ അനുസരിച്ച് പ്രൈമറിയിൽ 800, ഹൈസ്‌കൂളിൽ 1000, ഹയർ സെക്കൻഡറിയിൽ 1200 മണിക്കൂറുകളാണ് പഠന സമയമായി വരേണ്ടത്. ഇതിൽ പ്രൈമറി വിഭാഗത്തിൽ മാത്രം പ്രതിദിനം അഞ്ച് മണിക്കൂർ എന്ന നിലയിൽ 200 പ്രവർത്തി ദിനങ്ങൾ നിലവിലുള്ളത് കൊണ്ട് തന്നെ ശനിയാഴ്‌ച പ്രവർത്തി ദിവസം ആക്കേണ്ട സാഹചര്യമില്ലെന്നും അധ്യാപക സംഘടനകൾ പറയുന്നു.
എതിർപ്പുമായി എൻ എസ് മാധവൻ : നേരത്തെ വിദ്യാഭ്യാസ വകുപ്പിന്‍റെ പുതിയ പരിഷ്‌കാരത്തിനെതിരെ സാഹിത്യകാരൻ എൻ എസ് മാധവനും രംഗത്ത് വന്നിരുന്നു. കുട്ടിക്കാലത്തെ പഠനത്തിന്‍റെ മുഴുവൻ കുത്തകയും സ്‌കൂളുകളാണെന്ന അബദ്ധ ധാരണയിലാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പെന്നായിരുന്നു എൻ എസ് മാധവൻ വിമർശിച്ചത്.
പല ശനിയാഴ്‌ചകളിലും സ്‌കൂൾ തുറന്നും വേനലവധി ചുരുക്കിയും 210 പഠനദിവസങ്ങൾ കണ്ടെത്തുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ലക്ഷ്യം. എന്നാൽ വളരുന്ന പ്രായത്തിൽ ഒഴിവ് സമയങ്ങളിൽ ആർജ്ജിക്കുന്ന അറിവ് വളരെ പ്രധാനമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു. കൂടെ വിദേശ രാജ്യങ്ങളിൽ പ്രവർത്തി ദിനങ്ങളുടെ കണക്കും അദ്ദേഹം ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.