തിരുവനന്തപുരം: വാട്‌സ്‌ആപ്പില്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ക്ക് ശബ്‌ദ സന്ദേശം അയച്ച ശേഷം സ്‌ത്രീ ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണം പുറത്ത്. തിരുവനന്തപുരം ആക്കുളം ശിവശക്തി നഗര്‍ സ്വദേശി എസ് വിജയകുമാരി (46) ഫെബ്രുവരി 11നാണ് ആത്മഹത്യ ചെയ്‌തത്. ഉള്ളൂര്‍ പുലയനാര്‍ കോട്ടയില്‍ ക്ഷേത്ര ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇവരുടെ മര്‍ദനമേറ്റതായും ആരോപിച്ചുള്ള സന്ദേശമാണ് മെഡിക്കല്‍ കോളജ് സിഐയ്ക്ക് മരിക്കുന്നതിന് മുന്‍പ് അയച്ചത്.
സമാന ആരോപണങ്ങല്‍ ഉന്നയിച്ച് വിജയകുമാരി ആത്മഹത്യ കുറിപ്പും എഴുതിയിട്ടുണ്ട്. വിജയകുമാരിയും ക്ഷേത്ര ഭാരവാഹികളും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ക്ഷേത്ര പ്രസിഡന്‍റ് അശോകന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്‌ച ഇവരുടെ സര്‍വേക്കല്ല് പിഴുതുമാറ്റിയിരുന്നു. ഇത് തടയാന്‍ ശ്രമിച്ച വിജയകുമാരിയെ മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്ക് വെട്ടുകയും ആക്രമിക്കുകയും ചെയ്‌തു.
'നടപടിയുണ്ടായില്ല, വീണ്ടും ആക്രമണം': ആക്രമണത്തിന് ശേഷവും ഈ സംഘത്തിലുള്ളവര്‍ വെട്ടുകത്തിയും ആയുധങ്ങളുമായി കുടുംബത്തിന് നേരെ വധഭീഷണി മുഴക്കുകയും ചെയ്‌തു. ഇതേതുടര്‍ന്ന് വിജയകുമാരി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി. ആക്രമണത്തിന്‍റെ വീഡിയോ അടക്കം ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്‌ത പൊലീസ് ഒരു തുടര്‍നടപടിയും എടുത്തില്ല. കേസ് നല്‍കിയതോടെ വിജയകുമാരിക്കെതിരെ ക്ഷേത്ര ഭാരവാഹികള്‍ ആക്രമണം കടുപ്പിച്ചു. വീണ്ടും മര്‍ദനമേറ്റതായി വിജയകുമാരി ശബ്‌ദസന്ദേശത്തില്‍ പറയുന്നു. ശേഷമാണ് വിജയകുമാരി ആത്മഹത്യ ചെയ്‌തത്.
ക്ഷേത്ര ഭാരവാഹികളായ അശോകന്‍, സുജാത, ഹരികുമാര്‍ എന്നിവരാണ് മരണത്തിന് ഉത്തരവാദികളെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണ്. ഇതില്‍ സന്തോഷം കാണുകയാണ് അവര്‍. ഇവരെ നിയമത്തിന് മുന്‍പില്‍ക്കൊണ്ട് വരണമെന്നും ആത്മഹത്യ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയകുമാരിയുടെ പരാതിയില്‍ ശരിയായ നടപടിയെടുക്കാത്ത മെഡിക്കല്‍ കോളജ് പൊലീസിന്‍റെ നടപടിയാണ് ആത്മഹത്യയില്‍ എത്തിച്ചതെന്ന് ആക്ഷേപമുയരുന്നുണ്ട്.