തിരുവനന്തപുരം: സംസ്ഥാനത്ത് 428 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി റവന്യൂ മന്ത്രി കെ.രാജൻ. ഈ ക്യാമ്പുകളിലായി മുപ്പതിനായിരത്തോളം പേരാണ് ക്യാമ്പുകളിൽ കഴിയുന്നതെന്നും ആളുകളെ രക്ഷിക്കുന്നതിൽ മാത്രമാണ് ഇപ്പോൾ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കെ.രാജൻ വ്യക്തമാക്കി.
ആവശ്യത്തിന് ക്യാമ്പുകൾ തുറന്ന് ആളുകളെ അപകടമേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിക്കും. തിരുവനന്തപുരത്ത് നിലവിൽ 7 ക്യാമ്പുകൾ മാത്രമേ തുറന്നിട്ടുള്ളുവെങ്കിലും 213 ക്യാമ്പുകൾക്ക് ആവശ്യമായ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ 143 ക്യാമ്പുകൾ തുറന്നു. ആലപ്പുഴയിൽ 420 ക്യാമ്പുകൾക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും റവന്യു മന്ത്രി അറിയിച്ചു.
മലയോര മേഖലയടക്കം ദുരന്ത സാധ്യതയുള്ള എല്ലാ മേഖലകളിൽ നിന്നും ആളുകളെ മാറ്റാനാണ് സർക്കാരിൻ്റെ തീരുമാനം. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ റെഡ് അലർട്ടിന് സമാനമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു.