തിരുവനന്തപുരം: വർഗീയ സംഘടനകൾ കൂടിക്കാഴ്‌ച നടത്തിയത് ഇന്ത്യൻ മതേതര വിശ്വാസത്തിനു ഭീഷണിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് എ എ റഹീം എം.പി. മതേതര ഇന്ത്യയ്ക്കു അപകടകരമായ സൂചനയാണ് ഇത് നൽകുന്നതെന്നും കോൺഗ്രസിന്‍റെ ദേശീയ നേതാക്കൾ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും റഹീം പറഞ്ഞു. ആർഎസ്എസ് മൗദൂദി നേതാക്കൾ തമ്മിൽ കൂടിക്കാഴ്‌ച നടത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ആർഎസ്എസും മൗദൂദി സംഘവും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങൾ എന്ന് വീണ്ടും വ്യക്തമാക്കുന്നതാണ് കൂടിക്കാഴ്‌ച. ജമാഅത്തെ ഇസ്‌ലാമി ആർഎസ്‌എസിനെ പറഞ്ഞതും ആർഎസ്‌എസ് ഇതുവരെ ജമാഅത്തെ ഇസ്‌ലാമിയെ പറഞ്ഞതും മാറ്റി പറയുമോ എന്നും റഹീം ചോദിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയോടെ തദ്ദേശ സ്ഥാപനങ്ങളിൽ കോൺഗ്രസ് ഇപ്പോളും ഭരണം നടത്തുന്നുണ്ട്.
കോൺഗ്രസിന് എന്ത് നിലപാടാണ് ഈ വിഷയത്തിൽ എടുക്കാൻ ഉള്ളത്. ബജറ്റിൽ അടക്കം ന്യൂനപക്ഷങ്ങളെ ഒഴിവാക്കുകയാണ്. ബജറ്റിൽ ന്യൂനപക്ഷക്ഷേമ പദ്ധതികൾക്ക് 67 ശതമാനം വെട്ടിക്കുറവ് വന്നു എന്നും ഇത് മൗദൂദി സംഘം ചർച്ച നടത്തിയതിന്‍റെ ഫലമാണോ എന്ന് റഹീം പരിഹസിച്ചു'.
'മുസ്‌ലിങ്ങൾ മാത്രമല്ല ക്രൈസ്‌തവരും ഇപ്പോൾ ആർഎസ്എസിന്‍റെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. അതേസമയം, ആകാശ് തില്ലങ്കേരിയുടെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മറുപടി പറയാൻ റഹീം തയ്യാറായില്ല. രാജ്യത്തെ ബാധിക്കുന്ന വിഷയങ്ങൾ ഉള്ളപ്പോൾ അതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും' റഹീം പറഞ്ഞു.