തിരുവനന്തപുരം: ഡല്‍ഹി നിസാമുദീനില്‍ നടന്ന തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും ഒമ്പത് പേര്‍ പങ്കെടുത്തതായി ജില്ലാ ഭരണകൂടം കണ്ടെത്തി. ഇവരുടെ സ്രവം പരിശോധനക്കയച്ചു. ഒമ്പത് പേരോടും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ രണ്ട് പേര്‍ ബാലരാമപുരം സ്വദേശികളും പൂന്തുറ, കണിയാപുരം, കീഴാരൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് പങ്കെടുത്തത്. മാര്‍ച്ച് 24ന് രാത്രിയിലെ മുംബൈ-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് ഇവര്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തിയത്. മാര്‍ച്ച് 15ന് നിസാമുദീനില്‍ നിന്നും ഇവര്‍ ട്രെയിന്‍ മാര്‍ഗം മുംബൈയിലെത്തി അവിടെ തങ്ങിയ ശേഷം 24ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നതും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്.
ഇവര്‍ നിസാമുദീനില്‍ നിന്നും രോഗബാധിതരായാണ് മുംബൈയിലെത്തിയതെങ്കില്‍ മുംബൈയില്‍ ഇവര്‍ താമസിച്ച സ്ഥലത്തും പരിസരങ്ങളിലും സാമൂഹിക വ്യാപനത്തിനുള്ള ആശങ്കയും ജില്ലാ ഭരണകൂടം പങ്കുവെക്കുന്നു. സ്രവ പരിശോധനക്ക് ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.