പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിൽ മാലിന്യ സംഭരണം നിർത്തിവെച്ചതിനെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുൻസിപ്പല്‍ യൂണിറ്റിന്‍റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസ് ഉപരോധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ ജെ ഷാജഹാൻ ഉപരോധം ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ കെട്ടികിടക്കുന്ന മാലിന്യകൂമ്പാരത്തെ കുറിച്ച് ഇടിവി ഭാരത് കഴിഞ്ഞ ദിവസങ്ങളിൽ വാര്‍ത്ത നല്‍കിയിരുന്നു. മാലിന്യ നീക്കത്തിന് പകരസംവിധാനം ഇല്ലാതായതോടെ ചാക്കുകളിലും കവറുകളിലുമായി നഗരസഭാ ബസ്സ്റ്റാന്‍റിൽ പോലും മാലിന്യം തള്ളുന്ന അവസ്ഥയാണ്. മാലിന്യ ചാക്കുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനാൽ വഴിനടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.
സ്വകാര്യ ഏജൻസി വഴി നഗരസഭ മാലിന്യം ശേഖരിച്ച് സംഭരിക്കുന്ന പ്രവർത്തികൾ ഈ മാസം 15 ന് ആണ് അവസാനിപ്പിച്ചത്. മാലിന്യം ഇനി എങ്ങനെ നശിപ്പിക്കും എന്ന ആശങ്കയിലാണ് വ്യാപാരികൾ. നഗരസഭ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തിന്റെ ഉടമ മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നതിന് പുതിയ സ്ഥലം കൂടി കണ്ടെത്തേണ്ട അവസ്ഥയിലാണ് പത്തനംതിട്ട നഗരസഭ.