പത്തനംതിട്ട: അടൂര്‍ ഏനാദിമംഗലം ഇളമണ്ണൂർ കിന്‍ഫ്രാ പാര്‍ക്കിന് സമീപം ദിവസങ്ങള്‍ പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. അഴുകി അവയവങ്ങള്‍ നഷ്‌ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്‍റെ തലയും ഒരു കൈയും തെരുവുനായ്‌ക്കൾ കടിച്ചെടുത്തിട്ടുണ്ട്.
കിന്‍ഫ്രാ പാര്‍ക്കിന് സമീപത്തുനിന്നും തിങ്കളാഴ്‌ച വൈകിട്ട് കൈയുടെ ഭാഗം കടിച്ചെടുത്ത് തെരുവുനായ വരുന്നത് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇയാളുടെ മൃതദേഹമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
സംഭവത്തില്‍ ഏനാത്ത് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. തുടര്‍ നടപടികൾക്ക് ശേഷം മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.