പത്തനംതിട്ട : റാന്നി ആങ്ങാമൂഴിയിലെ ജനവാസ മേഖലയിൽ നിന്നും പരിക്കേറ്റ് അവശനിലയിൽ ഇന്നലെ പിടികൂടിയ പുലി ചത്തു. ഇന്ന് പുലർച്ചെയാണ് ആറ് മാസം മാത്രം പ്രായമുള്ള പുലി ചത്തത്. മുള്ളൻ പന്നിയുടെ അക്രമണത്തിലാണ് പുലിക്ക് പരിക്കേറ്റതെന്നാണ് നിഗമനം. ഇന്നലെ നടത്തിയ ശസ്ത്രക്രിയയിൽ പുലിയുടെ കൈയില്‍ നിന്നും മുള്ള് പുറത്തെടുത്തിരുന്നു.
മുള്ളുതറച്ച ഭാഗം പഴുത്ത് നീര് കെട്ടിയ നിലയിലായിരുന്നു. ഇന്നലെ കൊല്ലത്ത് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം പുലിയെ കോന്നിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് ശേഷം വനം വകുപ്പിന്റെ പ്രത്യേക സംഘം പുലിയുടെ പോസ്റ്റ് മോർട്ടം നടത്തും.
Also Read: പത്തനംതിട്ടയിൽ ജനവാസമേഖലയിൽ നിന്നും പുലിയെ പിടികൂടി
പുലി ചാകാനുണ്ടായ കൃത്യമായ കാരണം ഇതിലൂടെ വ്യക്തമാകും. ആങ്ങമൂഴി വനമേഖലയോട് ചേര്‍ന്ന പ്രദേശത്തുള്ള മുരിപ്പേലില്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂടിൽ നിന്നുമാണ് പരിക്കേറ്റ് അവശനിലയിൽ ഇന്നലെ പുലർച്ചെ പുലിയെ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വല വിരിച്ച് പുലിയെ കൂട്ടിലാക്കുകയായിരുന്നു. അവശനിലയിലായതിനാൽ പുലി അക്രമാസക്തനാകുകയോ ചാടിപ്പോകാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല.