പത്തനംതിട്ട: ഒറ്റയ്ക്ക് താമസിക്കുന്ന 69 കാരിയുടെ വീട്ടിൽ ജനാലകൾക്ക് കർട്ടൻ ഇടാനെത്തി ചെക്ക് വാങ്ങി പണം തട്ടിയ മൂന്നുപേരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള പടിഞ്ഞാറേ വാര്യം കൃഷ്ണകൃപ വീട്ടിൽ എം ചക്രപാണിയുടെ ഭാര്യ എസ് പ്രസന്നകുമാരി(69)യാണ് തട്ടിപ്പിനിരയായത്.
കൊല്ലം ശൂരനാട് തെക്ക് കക്കാക്കുന്ന് തെങ്ങുവിള ജുംആ മസ്ജിദിന് സമീപം കടമ്പാട്ടുവിള വീട്ടിൽ എൻ റിയാസ് (25), തഴവ എസ് ആർ പി മാർക്കറ്റ് മുസ്ലിം പള്ളിക്ക് സമീപം വെട്ടുവിളശ്ശേരിൽ ഹാഷിം എന്നുവിളിക്കുന്ന ആഷ്മോൻ (46), ശൂരനാട് തെക്ക് മാർതോമ്മ ചർച്ചിന് സമീപം അൻസു മൻസിലിൽ എൻ അൻസൽ (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞമാസം 30 ന് രാവിലെ 11 മണിക്ക് അടൂർ, പത്തനംതിട്ട വഴി ആറന്മുള ഐക്കരയിലുള്ള പ്രസന്നകുമാരിയുടെ വീട്ടിലെത്തിയ പ്രതികൾ സ്‌ക്വയർ ഫീറ്റിനു 200 രൂപ നിരക്കിൽ മൂന്ന് ജനാലകൾക്ക് കർട്ടൻ ഇടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഒന്നാം പ്രതിയുടെ കാറിലാണ് ഇവരെത്തിയത്. ഹാളിലെ രണ്ട് ജനാലയും, കിടപ്പുമുറിയിലെ ഒരു ജനാലയുമാണ് മൂന്നുപാളി വീതമുള്ള കർട്ടൻ ഇട്ടത്. ശേഷം ആകെ 47500 രൂപയുടെ രസീതും നൽകി. കയ്യിൽ 14000 രൂപ മാത്രമേയുള്ളൂ എന്ന് പറഞ്ഞ വീട്ടമ്മ ആ തുക പ്രതികൾക്ക് നൽകി, ബാക്കി തുകയ്ക്ക് ഇവർക്ക് അക്കൗണ്ട് ഉള്ള ആറന്മുള സൗത്ത് ഇന്ത്യൻ ബാങ്കിലെ രണ്ട് ചെക്കുകൾ ഒപ്പിട്ടു നൽകുകയും ചെയ്തു.
പ്രതികളിൽ രണ്ടുപേർ ബാങ്കിലെത്തി ഒരു ചെക്കിൽ 85000 രൂപ എന്നെഴുതി ഒറിജിനൽ ചെക്ക് ആണെന്ന് കാട്ടി തുക അന്നുതന്നെ മാറിയെടുക്കുകയായിരുന്നു. ആകെ 99000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. ഒന്നും മൂന്നും പ്രതികളാണ് ബാങ്കിലെത്തി തുക മാറിയെടുത്തത് രണ്ടാം പ്രതി ഈസമയം വീട്ടിൽ തങ്ങി. ചെക്ക് സംബന്ധിച്ച കൃത്യതക്കായി ബാങ്ക് അധികൃതർ പ്രസന്നകുമാരിയെ വിളിച്ചപ്പോൾ, വീട്ടിലുണ്ടായിരുന്ന രണ്ടാം പ്രതി ഫോൺ അറ്റൻഡ് ചെയ്യുകയും, പണം മാറിക്കൊടുത്തുകൊള്ളാൻ സമ്മതിക്കും വിധം പ്രതികരിക്കുകയും ചെയ്തു. ഇത് വിശ്വസിച്ചാണ് ബാങ്ക് പണം നൽകിയത്.
ഒരു ചെക്ക് ഒന്നാം പ്രതി കയ്യിൽ സൂക്ഷിച്ചു. തട്ടിയെടുത്ത പണം മൂവരും വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിച്ചതായി പോലീസിനോട് സമ്മതിച്ചു. തട്ടിപ്പ് സംബന്ധിച്ച് അറിഞ്ഞപ്പോൾ, ആറന്മുള പോലീസ് വീട്ടിലെത്തി പ്രസന്നകുമാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
പ്രതികൾക്ക് നോട്ടീസ് നൽകി സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം, കുറ്റസമ്മതത്തേതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ വീട്ടമ്മ തിരിച്ചറിഞ്ഞു, പോലീസ് കുറ്റസമ്മതമൊഴി രേഖപ്പെടുത്തി. ഉപയോഗിക്കാത്ത ചെക്ക് റിയാസില്‍ നിന്നും കണ്ടെടുത്തു. വീട്ടമ്മക്ക് പ്രതികൾ നൽകിയ രസീതും പോലീസ് ബന്തവസ്സിലെടുത്തു.
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകൾ കണ്ടെത്തി ഇത്തരത്തിൽ പണം തട്ടുന്ന സംഭവങ്ങൾ വ്യാപകമാകുന്നതിനെതിരായ നിയമനടപടികൾക്ക് ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ് കർശന നിർദേശം നൽകിയിരുന്നു. പ്രതികൾ സമാന രീതിയിൽ മുമ്പും തട്ടിപ്പ് നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിർദേശം നൽകി. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ മേൽനോട്ടത്തിൽ, ആറന്മുള പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജും സംഘവുമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.